കാട്ടാക്കട: കേടായാൽ അതിഗൗരവത്തോടെ തിരിച്ചേൽപ്പിക്കേണ്ട വയർലെസ് സെറ്റുകൾ ഉൾപ്പെടെ ആക്രിയാക്കി വനംവകുപ്പ്. നെയ്യാർഡാമിലെ നെയ്യാർ വന്യജീവി ഓഫീസിന് സമീപത്താണ് കംപ്യൂട്ടർ, ബോട്ട് തുടങ്ങിയവയുടെ കേടായ സാധനങ്ങൾക്കിടയിൽ വനംവകുപ്പ് ഉപയോഗിച്ചിരുന്ന വയർലെസ് സെറ്റുകളും ഉപേക്ഷിച്ചിരിക്കുന്നത്.

ആർക്കുവേണമെങ്കിലും ഇവ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാമെന്ന സാഹചര്യം ഉള്ളപ്പോഴാണ് ഈ ഉത്തരവാദിത്വമില്ലായ്‌മ എന്ന് ആരോപണമുണ്ട്. സാധാരണ പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവ ഉപയോഗിക്കുന്ന തോക്കുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ കേടായാൽ അവ കണക്കിൽ ഉൾപ്പെടുത്തി തിരിച്ചേൽപ്പിക്കണം. ഇതേ നടപടിയാണ് വയർലെസ് സെറ്റുകൾക്കും ഉള്ളതെന്ന് പോലീസിൽനിന്നു വിരമിച്ചവർ പറയുന്നു. ഇത് പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് നെയ്യാർഡാം. കൂടാതെ മാവോയിസ്റ്റ് സാന്നിധ്യം, കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്ന സംഭവത്തിൽ തീവ്രവാദബന്ധം സംശയിക്കുന്ന സാഹചര്യം എന്നിവയും നിലവിലുണ്ട്. ഗ്രാമീണ പ്രദേശങ്ങളിൽപ്പോലും നാടൻ തോക്ക് നിർമിക്കുന്നതിലും വയർലെസ് സെറ്റുകൾ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്യുന്നതിലും മിടുക്കരായവർ ഉണ്ടെന്നിരിക്കേ ഇവ ഉപേക്ഷിച്ചിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.