കാട്ടാക്കട: രണ്ടുവർഷം മുൻപ്‌ കോട്ടൂർ കാപ്പുകാട് നെയ്യാർ ജലസംഭരണിയിൽനിന്നു നഗരത്തിൽ കുടിവെള്ളമെത്തിച്ചതിന്റെ വിജയപ്രതീകമായി ആന പുനരധിവാസ കേന്ദ്രത്തിൽ മന്ത്രിമാരും മേയറുമൊക്കെച്ചേർന്ന് നട്ട ഫലവൃക്ഷത്തൈകളെല്ലാം പരിപാലനമില്ലാതെ നാമ്പടഞ്ഞു.

വനം മന്ത്രി രാജു നട്ട നെല്ലി മുരടിച്ചാണെങ്കിലും നശിച്ചിട്ടില്ല എന്നത് ആശ്വാസം. ആറന്മുളയിൽ നിന്നെത്തിച്ച ചെമ്പരത്തി വരിക്കപ്ലാവ്, ആര്യവേപ്പ് എന്നിവയൊക്കെ കരിഞ്ഞു. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൻറെ ഓഫീസിനുമുന്നിൽ പ്രത്യേകം തയ്യാറാക്കിയ അഞ്ച്‌ കുഴികളിലാണ് 2017 മേയിൽ മന്ത്രിമാരായ കെ.രാജു, മാത്യു ടി.തോമസ്, എം.എം.മണി, വി.എസ്.സുനിൽകുമാർ, ചന്ദ്രശേഖരൻ എന്നിവർ വൃക്ഷത്തൈകൾ നട്ടത്.

പരിസ്ഥിതിക്ക് ഇണങ്ങാത്ത വെള്ളമൂറ്റുന്ന അക്കേഷ്യയും, മാഞ്ചിയവും, യൂക്കാലിയും തിങ്ങിനിറഞ്ഞ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ഫലവൃക്ഷത്തൈകൾ നാമ്പിടണമെങ്കിൽ പ്രത്യേക പരിചരണം കൂടിയേ കഴിയൂ എന്ന് അവ നട്ടപ്പോൾ മന്ത്രി എം.എം.മണി വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞതാണ്. തൈകൾ നട്ട് അവർ മടങ്ങിയതോടെ ഉദ്യോഗസ്ഥർ അവയെ ഉപേക്ഷിച്ചു. താത്‌കാലികക്കാരായും അല്ലാതെയും നിരവധി ജീവനക്കാർ ഉള്ളപ്പോഴാണ് പരിപാലനം ഇല്ലാതെ ചെടികൾ കരിഞ്ഞത്. വർഷാവർഷം സാമൂഹിക വനവത്‌കരണം എന്ന പേരിൽ ലക്ഷങ്ങൾ ചെലവാക്കി സംരക്ഷിത പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന വനം വകുപ്പിന് നാണക്കേടായി മന്ത്രിമാരുടെ പേരുകളെഴുതി സ്ഥാപിച്ച ബോർഡും, സംരക്ഷണവേലിയും ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുന്നു.