കാട്ടാക്കട : പ്രമേഹരോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പൂവച്ചൽ പുന്നാംകരിക്കകം ഏക്കിപ്പാറ തോട്ടരികത്ത് വീട്ടിൽ സുകുവിന്റെ ഭാര്യ ലീല (65) യാണ് മരിച്ചത്.

ജൂലായ് 10-ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രമേഹത്തിനും, ഹൃദ്രോഗത്തിനും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയുടെ ഭാഗമായി ഇവരുടെ കാൽവിരൽ മുറിച്ചു. തുടർന്ന് 24- ന് ആശുപത്രിയിൽ നിന്നും വിടുതൽ വാങ്ങി വീട്ടിലെത്തി. തുടർന്ന് 28- ന് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കാട്ടാക്കട കിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്രവപരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തുകയായിരുന്നു.

മക്കൾ: സുരേഷ്, സുബാഷ്. ഇവരുമായി അടുത്ത് ഇടപഴകിയവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായും, മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അറിയിച്ചു.