കാട്ടാക്കട : നേരത്തെ രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 81 പേരുടെ സ്രവപരിശോധന വ്യാഴാഴ്ച നടത്തി. 20 പേരുടെ ഫലം പോസിറ്റീവ് ആയി. കള്ളിക്കാട്ട് ഏഴു പേർക്കും, പെരുംകുളങ്ങര, ദൈവപ്പുര എന്നിവിടങ്ങളിൽ മൂന്നുപേർക്ക് വീതവും, നെയ്യാർഡാമിൽ അഞ്ചുപേർക്കും, പെരിഞ്ഞാംകടവ്, തേവൻകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ സാമൂഹികവ്യാപനമുണ്ടായതായി സംശയിക്കുന്നതായി ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. പൂവച്ചൽ പഞ്ചായത്തിൽ ആറുപേർക്കും, കാട്ടാക്കടയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. പൂവച്ചൽ പാലേലിയിൽ രോഗം ബാധിച്ച യുവാവിന്റെ മൂന്ന് ബന്ധുക്കൾക്കും, ഉണ്ടപ്പാറയിൽ മൂന്നുപേർക്കുമാണ് പോസിറ്റീവ് ആയത്.