കാട്ടാക്കട : കള്ളിക്കാട് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ അഞ്ചുപേർക്കുകൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചതോടെ കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് അടച്ചിടാൻ തീരുമാനിച്ചു. ബുധനാഴ്ച സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതരുടെ യോഗത്തിന്റെ തീരുമാനത്തെ തുടർന്ന് ജില്ലാ ഭരണകൂടമാണ് ലോക്ഡൗൺ തീരുമാനിച്ചത്. പഞ്ചായത്തിൽ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും പ്രവർത്തിക്കാം. വഴിയോരക്കച്ചവടവും ചന്ത ചേരുന്നതും പൂർണമായും തടയും. ബാങ്കുകൾക്ക് ഒരു മണിവരെ മാത്രം പ്രവർത്തിക്കാം. കാണിക്കോണം, പന്ത എന്നിവിടങ്ങളിലായാണ് ബുധനാഴ്ച അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറുമാസവും, മൂന്ന് വയസ്സുമുള്ള രണ്ടുകുട്ടികളും ഉൾപ്പെടുന്നു. സാമൂഹിക വ്യാപനം നടന്നോ എന്ന സംശയം ഉള്ളതിനാൽ രോഗം കൂടുതൽപേർക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ ഒരാഴ്ചത്തേക്കാണ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത പറഞ്ഞു. രോഗികളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.

അടുത്ത ദിവസങ്ങളിൽ പരുത്തിപ്പള്ളി ആശുപത്രിയിലും നെയ്യാർഡാമിലുമായി ഇവരുടെ സ്രവപരിശോധന നടക്കും.