കാട്ടാക്കട : കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിലായി രണ്ടുപേർക്കുകൂടി പരിശോധനയിൽ കോവിഡ്-19 പോസിറ്റീവ് ആയി. പൂവച്ചൽ പഞ്ചായത്തിലെ മുതിയാവിള വാർഡിൽ അരുവിൻമുഖത്തും കാട്ടാക്കടയിൽ മങ്കാരമലയിലുമാണ് ഓരോ കേസുകൾ പോസിറ്റീവ് ആയത്.

ആദിവാസി മേഖല ഉൾപ്പെടുന്ന കുറ്റിച്ചൽ പഞ്ചായത്തിൽ അഗസ്ത്യവനത്തിലെ പങ്കാവ് ഊരിലും കോട്ടൂരിലും കഴിഞ്ഞദിവസം ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച കുറ്റിച്ചൽ പഞ്ചായത്തിൽ 55 പേർക്ക് സ്രവപരിശോധന നടത്തി. ഇതിലാണ് പൂവച്ചലിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. കുറ്റിച്ചലിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലെ 45 പേരുടെ ഫലവും നെഗറ്റീവ് ആയത് ആശ്വാസമായി.

കാട്ടാക്കടയിലും പൂവച്ചലിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ചൊവ്വാഴ്ചയും കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലും വീരണകാവ് പ്രാഥമികാരോഗ്യകേന്ദ്രത്തിലുമായി സ്രവപരിശോധന ഉണ്ടാകും. കാട്ടാക്കട പഞ്ചായത്തിലെ പട്ടണം ഉൾപ്പെടുന്ന മൂന്ന്‌ വാർഡുകൾ മാത്രം കണ്ടെയ്‌ൻമെൻറ് സോണാക്കി പ്രഖ്യാപിച്ചത് രോഗവ്യാപനം തടയാൻ പര്യാപ്തമാകില്ലെന്ന് കോൺഗ്രസ്, ബി.ജെ.പി. നേതൃത്വങ്ങൾ ആരോപിച്ചു.

പരുത്തിപ്പള്ളി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറില്ല

ഗസ്ത്യവനത്തിലുൾപ്പെടെ രോഗം സ്ഥിരീകരിച്ച കുറ്റിച്ചൽ പഞ്ചായത്തിൽ ആകെയുള്ള പരുത്തിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രണ്ടാഴ്ചയിലേറെയായി മെ‍ഡിക്കൽ ഓഫീസർ ഇല്ല. പകരം ചുമതല നൽകിയിരിക്കുന്നത് ഏറെ തിരക്കുള്ള കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കാണ്. കുറ്റിച്ചൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്ക് തലസ്ഥാനത്ത് കോവിഡ് ചുമതല നൽകിയതോടെയാണ് ആദിവാസികൾ ഉൾപ്പെടുന്ന പഞ്ചായത്തിലെ സർക്കാർ ആശുപത്രിക്കു നാഥനില്ലാതായത്.

ഒരു സ്വകാര്യ ആശുപത്രിപോലും ഇല്ലാത്ത കുറ്റിച്ചൽ പഞ്ചായത്തിലെ ഭൂരിഭാഗംപേരും സർക്കാർ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. മെഡിക്കൽ ഓഫീസർ ഇല്ലാത്തത് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആരോപണമുണ്ട്. ഊരുകളിലേക്കു പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി.

ആര്യനാട്ട് രണ്ടുപേർക്കുകൂടി

ആര്യനാട് : ആര്യനാട് പഞ്ചായത്തിൽ തിങ്കളാഴ്ച രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയ്ക്കകം ഹൗസിങ് ബോർഡ് സ്വദേശിയായ യുവാവിനും കീഴ്‌പാലൂരിൽ താമസിച്ചിരുന്ന ആരോഗ്യപ്രവർത്തകയ്ക്കുമാണ് രോഗം കണ്ടെത്തിയത്.

രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോട്ടയ്ക്കകം ഹൗസിങ് ബോർഡ് സ്വദേശിയെ കുറ്റിച്ചൽ കേന്ദ്രത്തിൽ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രോഗം കണ്ടെത്തിയത്. കീഴ്‌പാലൂർ സ്വദേശി കണ്ണാശുപത്രിയിലെ ജീവനക്കാരിയാണ്. കഴിഞ്ഞ 22-ന്‌ ശേഷം വഴയിലയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.

ആര്യനാട് പഞ്ചായത്തിലെ പറണ്ടോട്, പുറുത്തിപ്പാറ, വലിയ കലുങ്ക് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണായി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പറണ്ടോട് ജങ്‌ഷനും കടകളും ചന്തയും ഫയർഫോഴ്‌സെത്തി അണുവിമുക്തമാക്കി. കെ.എസ്.ശബരീനാഥൻ എം.എൽ.എ., ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ.മധു, പഞ്ചായത്ത് പ്രസിഡന്റ്‌ ഷാമിലാ ബീഗം, വിജുമോഹൻ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.