കാട്ടാക്കട : കോവിഡ്-19 പോസിറ്റീവ് ആയവരുടെ എണ്ണം വർധിച്ചതോടെ കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ രണ്ടു വാർഡുകൾകൂടി കണ്ടെയ്‌ൻമെൻറ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം തൂങ്ങാംപാറ വാർഡ് കണ്ടെയ്‌ൻമെൻറ് സോണാക്കിയിരുന്നു. ഇതോടെ 21 വാർഡുകളുള്ള പഞ്ചായത്തിലെ മൂന്നു വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണായി. പഞ്ചായത്തിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ അടയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടിക വിപുലമാണ്. അതിനാലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത പറഞ്ഞു. കാട്ടാക്കടയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കലോഫീസർ ഡോ. ശാന്തകുമാർ അറിയിച്ചു.

കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടൂർ പ്രദേശം കടുത്ത നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇവിടെ ആരോഗ്യ വകുപ്പും- അഗ്നിരക്ഷാ സേനയും അധികൃതരും ചേർന്ന് അണുനശീകരണം നടത്തി.

കാട്ടാക്കട പഞ്ചായത്തിലെ വാർഡുകളെ രണ്ടാം തവണയാണ് കണ്ടെയ്‌ൻമെൻറ് സോണാക്കി പ്രഖ്യാപിക്കുന്നത്. കാട്ടാക്കട, പൊന്നറ വാർഡുകളിലാണ് പട്ടണത്തിലെ ഓഫീസുകളും, കൂടുതൽ വ്യാപാര സ്ഥാപനങ്ങളുമുള്ളത്. ഇതോടെ പട്ടണം വീണ്ടും അടച്ചിടുകയാണ്. തിങ്കളാഴ്ച മുതൽ കാട്ടാക്കട ഡിപ്പോ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കണ്ടെയ്‌ൻമെൻറ് സോണാക്കിയതോടെ തുറക്കൽ നീളും.

ഇതിനിടെ ഡിപ്പോയിലെ ഡ്രൈവറുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ ചെക്കിങ് ഇൻസ്‌പെക്ടറുടെ വീട്ടിലെ എല്ലാവരുടെയും പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ക്വാറൻറീനിൽ പോയ ചെക്കിങ് ഇൻസ്‌പെക്ടറുടെ കുടുംബത്തിൽ നിന്നും പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിലെ വീരണകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജോലിക്കാരി കൂടിയായ ഭാര്യ രോഗം സ്ഥിരീകരിക്കുന്നതിന്റെ തലേന്ന് ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നു.