കാട്ടാക്കട : കാട്ടാക്കട-ചൂണ്ടുപലക റോഡിൽ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകി റോഡ് തകർന്നു. ആഴ്ചകളായി വെള്ളം കുത്തിയൊലിക്കുന്നതു കാരണം റോഡിലുണ്ടായ വലിയ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു.

പലതവണ അധികൃതരെ വിവരം അറിയിച്ചിട്ടും പണി ചെയ്യാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ജല അതോറിറ്റി ഓഫീസിനു വിളിപ്പാടകലെയാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്.

ചോർച്ച അടച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്തില്ലെങ്കിൽ ഈ ഭാഗത്ത് വലിയ അപകടങ്ങളുണ്ടാകും. അടുത്ത് ആശുപത്രിയുള്ളതിനാലും, നെയ്യാർഡാം, വെള്ളറട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയായതിനാലും വലിയ വാഹനത്തിരക്കുള്ള റോഡാണിത്.