കാട്ടാക്കട : കെ.എസ്.ആർ.ടി.സി. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സ്രവപരിശാധനയിൽ രണ്ട് ജീവനക്കാർക്കും പൂവച്ചൽ പഞ്ചായത്തിൽ പൊതുവായി നടത്തിയ പരിശോധനയിൽ അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചു.

ഇവരുടെ സമ്പർക്കത്തിലുള്ള മൂന്നുപേരുടെ പരിശോധനാഫലവും പോസിറ്റീവ് ആണ്.

കാട്ടാക്കട, പൂവച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലായി ഒറ്റദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ഡിപ്പോയിലെ 60 ഓളം ജീവനക്കാരുടെ സ്രവപരിശോധനയാണ് ശനിയാഴ്ച നടന്നത്.

പൂഴനാട് സ്വദേശിയായ ഡ്രൈവർക്കും കാട്ടാക്കട സ്വദേശിയായ ചെക്കിങ് ഇൻസ്‌പെക്ടർക്കുമാണ് പോസിറ്റീവ്. പൂവച്ചലിൽ നേരത്തെ രോഗം ബാധിച്ച ആലമുക്ക് സ്വദേശിയായ യുവാവിന്റെ രണ്ടാം സമ്പർക്ക പട്ടികയിലെ റിവേഴ്‌സ് ക്വാറന്റീനിൽ ആയിരുന്നവരുടെയും പനി ബാധിച്ച് ചികിത്സയിൽ ഇരുന്നവരുടെയും ഉൾപ്പെടെ 55 പേരുടെ ആന്റിജൻ പരിശോധനയിലാണ് അഞ്ച് പേർക്ക് പോസിറ്റീവ് ആയത്.

ഇതിൽ രണ്ടുപേർ പുളിങ്കോട് വാർഡിലും രണ്ടുപേർ ഉണ്ടപ്പാറ വാർഡിലും മറ്റൊരാൾ പൊന്നെടുത്തകുഴി വാർഡിലും ഉള്ളതാണ്. ഇവരുടെയൊക്കെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇതിൽ പുളിങ്കോട്ടെ അച്ഛനും മകനും രണ്ടുദിവസം മുമ്പ് തലസ്ഥാനത്തെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നാകാം രോഗം പകർന്നതെന്നാണ് സംശയം.

ബാക്കിയുള്ള മൂന്നുപേരുടെയും ഉറവിടം വ്യക്തമല്ല. ഇതിനിടെ കാട്ടാക്കട ബസ് ഡിപ്പോയിൽ കോവിഡ് പോസിറ്റീവ് ആയ ചെക്കിങ് ഇൻസ്‌പെക്ടറുടെ ഭാര്യ, മകൾ എന്നിവരുടെ പരിശോധനാഫലവും പോസിറ്റീവ് ആണെന്ന് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ പറഞ്ഞു.

ഭാര്യ വീരണകാവ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അറ്റൻഡറാണ്. അതിനാൽ ആശുപത്രി താത്‌കാലികമായി അടയ്ക്കാനും അടുത്തിടപഴകിയവർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകാനും നിർദേശിച്ചിട്ടുണ്ട്.

ചെക്കിങ് ഇൻസ്‌പെക്ടറുടെ ബന്ധുക്കളിൽ നാലുപേരുടെ പരിശോധനാഫലവും പോസിറ്റീവ് ആണെന്ന് വിവരമുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാട്ടാക്കട തൂങ്ങാംപാറയിലെ പൊതുപ്രവർത്തകന്റെയും മകന്റെയും സമ്പർക്ക പട്ടിക വിപുലമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പിൽ അറിയിക്കണമെന്നും അവർ പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യിൽ കൂടുതൽ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡിപ്പോ തുറക്കുന്നത് നീട്ടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നെയ്യാർഡാമിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി വിവരമുണ്ട്‌.

നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 100 കിടക്കകളും പൂവച്ചൽ സ്വകാര്യ വിവാഹമണ്ഡപത്തിൽ 50 കിടക്കകളും ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ തയ്യാറാകുന്നുണ്ട്. കാട്ടാക്കടയിലും ബുധനാഴ്ചയോടെ കേന്ദ്രം സജ്ജമാകും.