കാട്ടാക്കട : കാട്ടാക്കടയിൽ കോവിഡ് 19 സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ സമ്പർക്ക പ്പട്ടികയിലുള്ളവരുടെ സ്രവപരിശോധനയിൽ ബന്ധുക്കളായ മൂന്നുപേർക്കുകൂടി പോസിറ്റീവ്. ഭാര്യ, മകൾ, ബന്ധു എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിലെ 30 പേരുടെ പരിശോധനയാണ് നടന്നത്. ഇതോടെ ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിത്തുടങ്ങി. കാട്ടാക്കട പഞ്ചായത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴായി.

സമീപ പഞ്ചായത്തായ പൂവച്ചലിൽ ആലമുക്ക് സ്വദേശിയായ യുവാവിനും സമ്പർക്കപ്പട്ടികയിലെ 12 പേർക്കും വഴിയോരക്കച്ചവടക്കാരായ നാലുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗവ്യാപനം കണക്കിലെടുത്ത് കാട്ടാക്കട പഞ്ചായത്തിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. എന്നാൽ, ദിവസേനയുള്ള പരിശോധനകളുടെ എണ്ണം കുറവായത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി ആക്ഷേപമുണ്ട്.

രോഗം ബാധിച്ച ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിൽ ആയിരത്തോളംപേർ വരും. ഇതിന്റെ വിവരം തയ്യാറായി വരുന്നതേയുള്ളൂ.

വ്യാഴാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ ഡ്രൈവറുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചതോടെ പട്ടിക വിപുലമാകുന്ന സ്ഥിതിയാണ്. അതിനാൽ രോഗവ്യാപനം തടയാൻ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് ആവശ്യം.

രോഗം പലയിടങ്ങളിലും സ്ഥിരീകരിച്ചിട്ടും മതിയായ പ്രതിരോധ നടപടികൾ എടുക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഫ്രാറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പട്ടണത്തിൽ അണുനശീകരണവും നടത്തി.