കാട്ടാക്കട : കോവിഡ്-19 സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറുടെ സമ്പർക്കപ്പട്ടിക വിപുലം. ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 1000ത്തോളം പേരുള്ളതാണ് പട്ടിക. ഡിപ്പോയിലെ യൂണിറ്റ് ഓഫീസർ അടക്കം 80% ജീവനക്കാരും ഇപ്പോൾ ക്വാറന്റീനിലാണ്.

ഡിപ്പോ താത്‌കാലികമായി അടച്ചിട്ടിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ഡ്രൈവർ 12-ന് എയർപോർട്ട് ഡ്യൂട്ടിയിലായിരുന്നു. തുടർന്ന് 14 മുതൽ 17 വരെ ഡിപ്പോയിൽ ജോലി ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ മൈലോട്ടുമൂഴിയിലെ കുടുംബവീട്, അടുത്തുള്ള ചില സ്ഥാപനങ്ങൾ, പാൽ സൊസൈറ്റി എന്നിവിടങ്ങളിൽ പോയതായി വ്യക്തമായിട്ടുണ്ട്.

കാട്ടാക്കട കട്ടയ്ക്കോട് ഒരു മരണാനന്തരച്ചടങ്ങിലും പങ്കെടുത്തു. എല്ലാ സ്ഥലങ്ങളും ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കുന്നതെന്ന് ആമച്ചൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശാന്തകുമാർ പറഞ്ഞു. വ്യാഴാഴ്ച ഡ്രൈവറുടെ ഭാര്യ, മക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരുടെ ആന്റിജൻ പരിശോധന നടക്കും.

ഇവരിലാർക്കെങ്കിലും പോസിറ്റീവ് ആണെങ്കിൽ സെക്കൻഡറി സമ്പർക്കപ്പട്ടിക വേണ്ടിവരും. ചാരുപാറ വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് കാട്ടാക്കട പഞ്ചായത്തിലെ കോവിഡ്-19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററായി തയ്യാറാക്കുന്നത്.

ഇത് മതിയാകാതെ വന്നാൽ ഒരു കേന്ദ്രംകൂടെ തയ്യാറാക്കാനും നിർദേശമുണ്ട്.

കാട്ടാക്കട കോവിഡ്-19 നിയന്ത്രണങ്ങൾ കർശനമാക്കിയതായി ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ പറഞ്ഞു. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട അറിയിപ്പും ഉച്ചഭാഷിണിയിലൂടെ പോലീസ് നൽകി. ജാഗ്രതാസമിതിയുടെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.