കാട്ടാക്കട : കെ.എസ്.ആർ.ടി.സി. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനാൽ ഡിപ്പോയുടെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തി.

രോഗിക്ക്‌ ഡിപ്പോയിലെ ജീവനക്കാരിൽ എൺപതു ശതമാനത്തോളം പേരുമായി സമ്പർക്കം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരുടെ പട്ടിക തയ്യാറാക്കാനുള്ള ശ്രമം തുടങ്ങി. ശാരീരികമായ അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് ആരോഗ്യവകുപ്പിന്‍റെ നിർദേശമനുസരിച്ച് കാട്ടാക്കട തഹസിൽദാർ ശ്രീകുമാരനാണ് 14 ദിവസത്തേക്ക്‌ കാട്ടാക്കട ഡിപ്പോയുടെ പ്രവർത്തനം നിർത്താൻ നിർദേശം നൽകിയത്. സർവീസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തഹസിൽദാർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചയാളുടെ വീട്ടിലെ എല്ലാവരെയും ഡ്രൈവറുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവപരിശോധന വരുംദിവസങ്ങളിൽ നടക്കും. ഡ്രൈവർ ജോലിചെയ്തിരുന്ന ഡിപ്പോ ബുധനാഴ്ച കാട്ടാക്കട അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കും.

ഡ്രൈവർക്ക് രോഗം പിടിപെട്ടത് സമ്പർക്കം വഴിയാണ്. എന്നാൽ, എവിടെനിന്നെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

അതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പൂവച്ചൽ പഞ്ചായത്ത് വഴിയോരക്കച്ചവടക്കാരിൽ നടത്തിയ സ്രവപരിശോധനയിൽ കാട്ടാക്കട പഞ്ചായത്തിലെ തന്നെ പൊന്നറ വാർഡിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കാട്ടാക്കടയിൽ എല്ലാ ദിവസവും വൈകീട്ട് അഞ്ചുവരെ മാത്രമാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്. ശനിയാഴ്ച അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ. ഞായറാഴ്ച സമ്പൂർണ അടച്ചിടലും നടന്നുവരികയാണ്.