കാട്ടാക്കട : സമ്പർക്കത്തിലൂടെ നിരവധിപ്പേർക്ക് കോവിഡ് രോഗം ബാധിച്ച പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിൽ ബുധനാഴ്ച സ്രവപരിശോധന നടത്തിയ 110 പേർക്കും ഫലം നെഗറ്റീവായി. കാട്ടാക്കട ചന്തയ്ക്കു മുന്നിൽ വഴിവാണിഭം നടത്തിയിരുന്നവരിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നാലു പേർക്ക് പോസിറ്റീവായതോടെ കൂടുതൽ പേരിൽ പരിശോധന നടത്തുകയായിരുന്നു. ബുധനാഴ്ചത്തെ പരിശോധനകളുടെ എല്ലാ ഫലങ്ങളും നെഗറ്റീവാണ്. ഇനിയുള്ള 28 പേരുടെയും ആലമുക്ക് വള്ളിപ്പാറയിൽ രോഗം ബാധിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരുടെയും സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെയും പരിശോധന വെള്ളിയാഴ്ച മുതൽ നടക്കും. വ്യാഴാഴ്ച പരിശോധനയില്ല. ജോലിഭാരം കൂടുതലുള്ളതിനാൽ പരിശോധനാ ടീമിന് അവധി നൽകിയതിനാലാണിത്. കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച കുഴയ്ക്കാട്, കോവിൽവിള വാർഡുകളിലും സമീപത്തും പ്രതിരോധപ്രവർത്തനം ഊർജിതമാക്കി.