കാട്ടാക്കട : സമീപ പഞ്ചായത്തുകളിൽ കോവിഡ് കേസുകൾ കൂടുന്നതിനാൽ കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങി. പ്രധാന റോഡുകളിലെ ഉൾപ്പെടെ വഴിയോര വാണിഭക്കാരെ ഒഴിപ്പിച്ചു. വ്യാപാരസ്ഥാപനങ്ങളെല്ലാം രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കൂ.

ശനിയാഴ്ച അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും, ഞായറാഴ്ച എല്ലാം പൂർണമായും അടച്ചിടും. വാഹന പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി.

ബുധനാഴ്ച രാവിലെ മുതൽ പഞ്ചായത്തിലാകെ അണുനശീകരണം തുടങ്ങി. പോലീസ്, റവന്യൂ, പഞ്ചായത്ത് എന്നിവരുടെ സംയുക്തസംഘം പരിശോധന നടത്തുന്നുണ്ട്.

കാട്ടാൽ സേവാഭാരതി പ്രവർത്തകരും പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പള്ളികൾ, മിനി വൈദ്യുതിഭവൻ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി.