കാട്ടാക്കട : ലൈഫ് ഭവന പദ്ധതിക്കായി 2.76 ഏക്കർ ഭൂമി സംഭാവനചെയ്ത പന്നിയോട് സുകുമാരൻ വൈദ്യരെ പൂവച്ചൽ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പഞ്ചായത്തിലെ പന്നിയോട് കുളവുപാറയിലെ മൂന്നുകോടിയോളം വിലവരുന്ന ഭൂമിയാണ് അമ്മ ജാനകിയുടെ പേരിലുള്ള ട്രസ്റ്റിന്റെ ഭാഗമായി ഭവനരഹിതർക്കു വീട് പണിയാനായി വൈദ്യർ പഞ്ചായത്തിനു കൈമാറിയത്. ഭവന സമുച്ചയ നിർമാണത്തിനു സർക്കാർ അഞ്ചുകോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രേമലത, സെക്രട്ടറി ജയന്തി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.