കാട്ടാക്കട : പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ ആലമുക്ക് വള്ളിപ്പാറയിലെ യുവാവിന്‌ കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ സ്രവപരിശോധന തിങ്കളാഴ്ച നടത്തും. ഇതിനായി പൂവച്ചൽ ഗവ. യു.പി. സ്‌കൂൾ സജ്ജീകരിച്ചിട്ടുള്ളതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ പറഞ്ഞു.

സമ്പർക്കപ്പട്ടികയിൽ നിലവിൽ 90 പേരാണുള്ളത്. ഇത്രയും പേർക്കുള്ള പരിശോധനാസൗകര്യം ഉപകേന്ദ്രത്തിൽ ഒരുക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് സ്‌കൂളിലേക്കു മാറ്റിയത്. രോഗിയുടെ താമസസ്ഥലത്തിനു

സമീപമുള്ള 72 പേരുടെയും അടുത്ത പഞ്ചായത്തായ ആര്യനാട്ടുനിന്നുള്ള 18 പേരുടെയും സ്രവപരിശോധനയാണ് നടക്കുക. യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടുള്ള രോഗലക്ഷണം പ്രകടിപ്പിച്ച ആറുപേരെ ഞായറാഴ്ച ജനറൽ ആശുപത്രിയിലേക്കു മാറ്റി.

സെമി കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ച വള്ളിപ്പാറയ്ക്കു ചുറ്റുമുള്ള 500 മീറ്റർ പ്രദേശത്ത് ലോക്ഡൗൺ കർശനമാക്കി.

കാട്ടാക്കട പോലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്ത് ബോധവത്കരണം നടത്തി. പഞ്ചായത്തിലെ ആലമുക്ക്, കുഴയ്ക്കാട്, പുളിങ്കോട് വാർഡുകളിലായി വരുന്നതാണ്‌ പ്രദേശം.

ഇവിടെയുള്ള കടകൾ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയേ തുറക്കാൻ അനുവാദമുള്ളൂ.