കാട്ടാക്കട : വൃക്ക നൽകാൻ അച്ഛനും അമ്മയും തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കാട്ടാക്കട സ്വദേശി എസ്.എസ്.മീനു(19). തൂങ്ങാംപാറ വെള്ളമാനൂർക്കോണം പാറയിൽ വീട്ടിൽ ശശികുമാർ, ശർമിള ദമ്പതിമാരുടെ മകളാണ് ബിരുദ വിദ്യാർഥിയായ മീനു. നിരന്തരമായുള്ള മുട്ടുവേദനയ്ക്കായി നടത്തിയ ചികിത്സയ്ക്കിടെ വൃക്കകൾ തകരാറിലായെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ഡയാലിസിസ് ചെയ്യുന്നു. അടിയന്തരമായി വൃക്ക മാറ്റിവെച്ചില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്. വൃക്ക നൽകാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചു. ഇതിന്റെ പരിശോധനകളും തുടരുകയാണ്. എന്നാൽ, ശസ്ത്രക്രിയയ്ക്കായി വലിയൊരു തുക ചെലവാകും. ഇതിനുള്ള നിവൃത്തി കുടുംബത്തിനില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് ശശികുമാർ. സ്വന്തമായി വീടില്ലാത്തതിനാൽ പഞ്ചായത്ത് ഒരു വീട് അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണം അവസാന ഘട്ടത്തിലുമാണ്. വായ്പ എടുത്ത ഓട്ടോറിക്ഷ ഓടിച്ചും, തികയാത്ത തുക കടം വാങ്ങിയും വീടുപണിയും, ജീവിത ചെലവുകളും, മീനുവിന്റെ ചികിത്സയും മുന്നോട്ടുപോകുന്നതിനിടെയാണ് കോവിഡ്-19 പ്രതിരോധ നിയന്ത്രണങ്ങൾ വരുന്നത്.

ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവർ. കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞ് സഹായിക്കാനായി നാട്ടുകാർ ചേർന്ന് സഹായസമിതി രൂപവത്‌കരിച്ച്‌ എസ്.ബി.ഐ. കാട്ടാക്കട ശാഖയിൽ എസ്.ബി. 33066179827 എന്ന നമ്പറിൽ മീനുവിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.സി.- SBI0010691.