കാട്ടാക്കട : പൂവച്ചൽ ആലമുക്ക് വള്ളിപ്പാറയിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ വീടിനു ചുറ്റുമുള്ള 500 മീറ്റർ പ്രദേശം ഒരാഴ്ചത്തേക്ക്‌ സെമി കണ്ടെയ്‌ൻമെൻറ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

ആലമുക്ക്, കുഴയ്ക്കാട്, പുളിങ്കോട് വാർഡുകളിലായി വരുന്നതാണീ പ്രദേശം. ഞായറാഴ്ച രാവിലെ ആറു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് അവലോകന യോഗത്തിനുശേഷം പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അറിയിച്ചു. പ്രദേശത്തുള്ള കടകൾ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയേ തുറക്കാൻ അനുവദിക്കൂ. കൂട്ടംചേരുന്നതും വീടിനു പുറത്തിറങ്ങുന്നതും നിയന്ത്രിക്കും. ലോക്ഡൗൺ നിയന്ത്രണം പാലിക്കണം. വാട്ടർ പ്യൂരിഫൈയിങ് കമ്പനിയിൽ ജോലിയുള്ള യുവാവിന് രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്ത സ്ഥിതിയുണ്ട്. ഇയാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജോലിയുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയിട്ടുണ്ട്. കൂടാതെ പള്ളിയിലെ പ്രാർഥനയിലും പങ്കെടുത്തിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെപ്പേരുണ്ട്. ആലമുക്ക് വാർഡിൽ ഉള്ളവർക്ക് സ്രവപരിശോധന ആലമുക്ക് ആരോഗ്യ ഉപകേന്ദ്രത്തിൽ അടുത്ത ദിവസം മുതൽ തുടങ്ങുമെന്ന് മെഡിക്കലോഫീസർ പറഞ്ഞു. പൂവച്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഡെപ്യൂട്ടി തഹസിൽദാർ പ്രഭകുമാർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജു കുമാർ, വൈസ് പ്രസിഡന്റ് സി.ജെ.പ്രേമലത, വീരണകാവ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കലോഫീസർ ഡോ. ഷീബ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.