കാട്ടാക്കട : വീടിന്റെ വയറിങ് പൂർത്തിയാക്കി വൈദ്യുതിക്കായി ഒരു കുടുംബം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. കാട്ടാക്കട കട്ടയ്ക്കോട് കടുവാക്കുഴി തെങ്ങുവിള വടക്കേക്കര പുത്തൻവീട്ടിൽ അറുപതുകാരനായ വിശ്വനാഥനും ഭാര്യ ചന്ദ്രികയുമാണ് സ്വന്തം വീട്ടിൽ വൈദ്യുതി വെളിച്ചമെത്തിക്കാൻ അധികൃതരുടെ കരുണ തേടുന്നത്.

ചന്ദ്രികയ്ക്കു കുടുംബവകയായി കിട്ടിയ രണ്ടര സെൻറ് വസ്തുവിൽ നിർമിച്ചിട്ടുള്ള ഷീറ്റിട്ട വീട്ടിലാണ് ഇവർ താമസിക്കുന്നത്. വസ്തുവിന് ആധാരമുണ്ട്. ഭൂമിയുടെ കരം രസീത് ഇല്ല. കൈവശ സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നു കിട്ടാത്തതിനാലാണ് കണക്ഷൻ നൽകാത്തതെന്നാണ് വൈദ്യുതി ബോർഡ് ഇവരെ അറിയിച്ചിരിക്കുന്നത്. കരം അടച്ച് കിട്ടുന്നതിനായി വർഷങ്ങളായി കുളത്തുമ്മൽ വില്ലേജ്‌ ഓഫീസിലും, കാട്ടാക്കട താലൂക്കോഫീസിലും നിരവധി തവണ അപേക്ഷ നൽകിയെന്ന് വിശ്വനാഥൻ പറയുന്നു. അദാലത്തുകളിലും പരാതി നൽകി. പരിഹാരമായില്ല.

ജില്ലാ കളക്ടറുടെ അദാലത്തിലെ പരാതി അനുസരിച്ച് താലൂക്ക്‌ ഓഫീസിൽനിന്നു വസ്തു അളക്കാനായി എത്തി. വഴി സൗകര്യം ഇല്ലെന്നും വീടിരിക്കുന്നത് കുന്നിൻമുകളിലാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് വരാമെന്ന് പറഞ്ഞുപോകുകയായിരുന്നു ഉദ്യോഗസ്ഥർ. പിന്നീട് ഇങ്ങോട്ടുവന്നില്ലെന്ന് ഇവർ പറയുന്നു. കട്ടയ്ക്കോട്- കടുവാക്കുഴി പ്രധാന റോഡിൽനിന്നു കഷ്ടിച്ച് 150 മീറ്ററേ ഈ വീട്ടിലേക്കുള്ളൂ. രോഗിയാണ് വിശ്വനാഥൻ. ഭാര്യ ചന്ദ്രിക തൊഴിലുറപ്പ് പണിക്കു പോകുന്നതാണ് വരുമാനമാർഗം. മണ്ണെണ്ണ വിളക്കിലാണ് രാത്രി കഴിച്ചുകൂട്ടുക. മുൻഗണനക്കാരുടെ റേഷൻ കാർഡായതിനാൽ ഒരു മാസം അര ലിറ്റർ മണ്ണെണ്ണ മാത്രമാണ് കിട്ടുന്നത്.

സമ്പൂർണ വൈദ്യുതീകരണം പ്രഖ്യാപിച്ചപ്പോൾ കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് പൊതുപ്രവർത്തകനായ പുലിക്കാട്ടിൽ സതീഷ് കുമാറാണ് വീട് സൗജന്യമായി വയറിങ് നടത്തിക്കൊടുത്തത്. ആധാർ കാർഡുണ്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡുമുണ്ട്. താമസിക്കുന്ന വീട്ടിൽ വൈദ്യുതി എന്ന് എത്തുമെന്ന് ഇവർക്കറിയില്ല.