കാട്ടാക്കട : കിള്ളിയിലെ പനയംകോട്ട് പുലിയെപ്പോലുള്ള മൃഗത്തെ കണ്ടെന്ന് നാട്ടുകാർ. കഴിഞ്ഞദിവസം രാവിലെ പുലിയെപ്പോലെയുള്ള ഒരു ജീവി വീടിനു മുകളിലൂടെ ചാടിപ്പോയെന്നാണ് പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്തെ പ്ലാമൂട്ട് വിളാകം വീട്ടിൽ സുനിലിന്റെ രണ്ട് ആടുകളെ അജ്ഞാതജീവി കൊന്നിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയാകാം മൃഗങ്ങളെ കൊന്നതെന്ന് അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് വേറെയും ആടുകളെയും കോഴികളെയും കൊന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ജീവിയെ കുടുക്കാൻ കെണി(കൂട്) സ്ഥാപിച്ചെങ്കിലും കെണിയിൽ ഒന്നും കുടുങ്ങിയില്ല. ഇതിനിടെയാണ് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഈ പ്രദേശത്ത് പുലി എത്താനുള്ള സാഹചര്യം ഇല്ലെന്ന് വനം വകുപ്പ് ഉറപ്പിച്ചുപറയുന്നു. പ്രദേശത്ത് ജീവിയുടേതായി കണ്ട കാൽപ്പാടുകൾ അഞ്ച് സെന്റീമീറ്ററിനു താഴെയാണ്. പുലിയുടേതാണെങ്കിൽ എട്ട് സെന്റീമീറ്ററെങ്കിലും ഉണ്ടാകുമെന്നും റേഞ്ച് ഓഫീസർ ഷാജിജോസ് പറഞ്ഞു.