കാട്ടാക്കട : മുപ്പത് വർഷത്തിനുശേഷം കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് ഏലായിൽ കാർഷിക കർമസേന നെൽക്കൃഷി തുടങ്ങി. മുമ്പ് കാട്ടാക്കടയുടെ നെല്ലറയായിരുന്ന ഇവിടെ നെൽക്കൃഷി നഷ്ടത്തിലായതോടെയാണ് കർഷകർ മറ്റു കൃഷികൾ ചെയ്തുതുടങ്ങിയത്.

വാഴയും മരച്ചീനിയുമായിരുന്നു പ്രധാനം. തുടർന്ന് പലരും അതും ഉപേക്ഷിച്ച് ഭൂമി തരിശിട്ടു. ഇതിൽ കൃഷിയോഗ്യമായ 90 സെന്റോളം വരുന്ന വയലിലാണ് തിങ്കളാഴ്ച കൃഷി തുടങ്ങിയത്. ഐ.ബി.സതീഷ് എം.എൽ.എ. ഞാറുനട്ട് തുടക്കമിട്ടു.105 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കാട്ടാക്കട കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, കൃഷി ഓഫീസർ എം.ബി.ബീന, കാർഷിക കർമസേന സെക്രട്ടറി വി.ജയകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.