കാട്ടാക്കട: സംസ്ഥാന മൗണ്ടനീയറിങ് ചാമ്പ്യൻഷിപ്പ് നെയ്യാർഡാമിൽ തുടങ്ങി. സംസ്ഥാന മൗണ്ടനീയറിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും. ചിമ്മിനി, മൗണ്ടൻ ക്രോസിം, ക്ലൈംബിങ്, റാപ്പലിങ്, ട്രക്കിങ്, റിവർ ക്രോസിങ്‌ തുടങ്ങി 14 സാഹസിക ഇനങ്ങളിലായാണ് ആണ് മത്സരങ്ങൾ നടക്കുക. വിവിധ ജില്ലകളിൽനിന്നു പെൺകുട്ടികൾ അടക്കം 120 ലേറെ പേർ പങ്കെടുക്കുന്നുണ്ട്. തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിബായി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജയൻ അധ്യക്ഷനായി. അസോസിയേഷൻ സ്ഥാപകനായ കേണൽ ഗോദവർമ രാജയുടെ കീഴിൽ പരിശീലനം നേടിയ മുതിർന്ന പൗരന്മാരായ പി.സുരേന്ദ്രബാബു, എം.സോമൻ നായർ, റോബിൻസൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനി ഗോപകുമാർവർമ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി.വി.അജിത് ലാൽ, കായിക അധ്യാപക സംഘടന പ്രസിഡന്റ് ജോഡിറ്റ് മോൻ ജോൺ, പഞ്ചായത്തംഗം ശശീന്ദ്രൻ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുധീർ തുടങ്ങിയവർ സംസാരിച്ചു.