വാവുബലിക്ക് മുൻപുള്ള ഒരിക്കലാണ് ഞായറാഴ്ച. ഒരു നേരം മാത്രം അരി ആഹാരം കഴിച്ച് വ്രതമെടുക്കുന്നതാണ് 'ഒരിക്കൽ'. മറ്റ് േരങ്ങളിൽ ഇതര സസ്യഭക്ഷണങ്ങൾ ആകാം.

ബലിക്കുവേണ്ട വസ്തുക്കൾ ശുദ്ധിയോടെ ഒരുക്കുന്നതും ഈ ദിവസമാണ്. പുരോഹിതന്റെ സാന്നിദ്ധ്യത്തിൽ പുണ്യതീർഥഘട്ടങ്ങളിൽ ചെയ്യുന്ന തർപ്പണത്തിൽ നിന്നു മാറി, വീടുകളിൽ ചെയ്യുമ്പോൾ ബലിയുടെ രീതിയിലും വ്യത്യാസം വരാമെന്ന് പണ്ഡിതർ പറയുന്നു.

ക്ഷേത്രപിണ്ഡം പതിവുള്ള തിരുവല്ലത്ത് കാക്കയ്ക്കും, നദിയിൽ മത്സ്യമൂർത്തിക്കും പിണ്ഡം പകുത്തുവയ്ക്കും. വർക്കലയിൽ സമുദ്രത്തിലും അരുവിപ്പുറത്ത് നദിയിലുമാണ് പിണ്ഡം സമർപ്പിക്കുന്നത്.

വീട്ടിൽ ചെയ്യുമ്പോൾ രണ്ടു രീതിയും അവലംബിക്കാം. അരി നനച്ചിടുകയാണെങ്കിൽ വെള്ളത്തിൽ ഒഴുക്കണം. ചോറ് തയ്യാറാക്കി ബലിയിട്ടാൽ കാക്കയ്ക്ക് വയ്ക്കണം. (ചോറ് തയ്യാറാക്കുന്നതാണ് ഉത്തമം). കഴുത്ത് നന്നായി കറുത്തതാണ് ബലിക്കാക്ക.

ആദ്യം ബലിക്കാക്ക കൊത്തിയ ശേഷം മറ്റ് കാക്കകൾ പിണ്ഡം കൊത്തുമെന്നാണ് വിശ്വാസം. ഏതായാലും വ്രതശുദ്ധിയും മനഃശുദ്ധിയും ആത്മാർപ്പണവും പ്രധാനം.

ബലിക്ക് വേണ്ട വസ്തുക്കൾ, അവയുടെ പ്രാധാന്യം

ദർഭപ്പുല്ല് : പുരാതനകാലം മുതൽ ക്ഷേത്രപൂജകൾക്ക് തുല്യം പിതൃകർമത്തിനും ദർഭപ്പുല്ല് അനിവാര്യമായ വസ്തുവാണ്. ബലിയിടുമ്പോൾ ഉപയോഗിക്കുന്ന പവിത്രവും ദർഭ വളച്ചാണ് നിർമിക്കുന്നത്. മരിച്ചയാളുടെ ജഡം കിട്ടാതെ വരുന്ന വേളയിൽ 'ദർഭസംസ്‌കാരം' നടത്തി ആത്മശാന്തി നടത്തുന്ന ക്രിയയും പുരാണങ്ങളിലുണ്ട്. ദർഭകൊണ്ട് ചെയ്യുന്ന ഈ അപരക്രിയയ്ക്ക് 'ദർഭ വെട്ടിച്ചുടൽ' എന്നും പേരുണ്ട്.

ബലിച്ചോറ് : പിതൃക്കളുടെ വിശപ്പ് മാറ്റാൻ തർപ്പണത്തിനുള്ള പ്രധാന ഇനം.

എള്ള് : പിതൃക്കളുടെ ദാഹം മാറ്റാനാണ് എള്ള് ഉപയോഗിക്കുന്നത്. ദർഭമുനയിൽ എള്ളും വെള്ളവും (തിലോദകം) അർപ്പിച്ച് പിതൃക്കളുടെ ദാഹം തീർക്കാമെന്നാണ് വിശ്വാസം. പ്രേതമുക്തിക്കായി എള്ള് ഉപയോഗിച്ച് ചെയ്യുന്നതാണ് തിലഹോമം.

നെയ്യ് : ബലികർമത്തിനെല്ലാം നെയ്യ് ചേർക്കണമെന്നാണ് ആചാരം.

മറ്റ് വസ്തുക്കൾ : തൂശനില, വാൽക്കിണ്ടി, നിലവിളക്ക്, ഗണപതി പടുക്ക, ചെറൂള, തെച്ചി, തുളസി ഉൾപ്പെടെ പൂക്കൾ, പഴം, ചന്ദനം

(വീടുകളിൽ തർപ്പണം നടത്തേണ്ട വിധം നാളെ)

Content Highlights: Karkkidaka vavu bali pitrubali