കരമന: ഒരുവർഷം മുൻപുള്ള ഒരു മേയ്‌മാസ പുലരി തിരുവനന്തപുരം-കന്യാകുമാരി റെയിൽപ്പാതയ്ക്കരികിലെ കരമന തമലം കാട്ടാൻവിള റെയിൽവേ ലൈൻ റോഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജയന് ഇന്നും നടുക്കുന്ന ഓർമയാണ്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുന്നതിനിടെ വിജയന് 2018 മേയ് 12 പുലർച്ചെ ഫോണിൽ വിളിയെത്തി. ഭാര്യ അനിതയ്ക്ക് സഹിക്കാനാകാത്ത നെഞ്ചുവേദന. വിജയൻ വീട്ടിലേക്കു തിരിച്ചു.

ഇതിനിടെ അയൽവാസികളും നാട്ടുകാരുംചേർന്ന് 108 ആംബുലൻസിനെ വിളിച്ചു. അനിതയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മണ്ണും ചെളിയുമായിക്കിടന്ന വഴിയിൽ ആംബുലൻസ് പുതഞ്ഞു. ഒരു ജീവന്റെ വിലയറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. സമയം വൈകുന്നതിനിടെ മറ്റൊരു ആംബുലൻസെത്തി അതും പുതഞ്ഞു.

നാട്ടുകാർ ആ വാഹനത്തെ ചെളിയിൽനിന്നു തള്ളിക്കയറ്റി അനിതയുമായി ആശുപത്രിയിലെത്തിയെങ്കിലും ഏറെ വൈകിയിരുന്നു. അനിത ഹൃദയാഘാതം കാരണം മരിച്ചു. അടുത്തദിവസം മകളുടെ വിവാഹമായിരുന്നു. അതിന് കാത്തുനിൽക്കാതെ അനിതയുടെ ജീവൻ പൊലിഞ്ഞു.

ഈ ദുരന്തത്തിന്റെ ഓർമകൾ വിജയനേയും കുടുംബത്തേയും ഒപ്പം കാട്ടാൻവിള വഴിയിലെ താമസക്കാരേയും ഇന്നും നൊമ്പരപ്പെടുത്തുന്നു. എങ്കിലും ഈ വഴിക്ക് ശാപമോക്ഷം കിട്ടിയ ആശ്വാസത്തിലാണ് ഇവർ. കഴിഞ്ഞ നാല് പതിറ്റാണ്ടായി ശോചനീയാവസ്ഥയിൽക്കിടന്ന ഈ വഴി രണ്ടാഴ്ച മുൻപ്‌ ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കരമന വാർഡ് കൗൺസിലർ കരമന അജിത്തിന്റെ ശ്രമഫലമായാണ് ഈ വഴി പുതിയ പാതയായി മാറിയത്.

സാധാരണ മഴക്കാലത്ത് നാട്ടുകാർ ഇവിടെ ഏറെ ബുദ്ധിമുട്ടിലായിരുന്നു. റെയിൽവേയുടെ അധീനതയിലായിരുന്നതിനാൽ നഗരസഭാ ഫണ്ട് ഉപയോഗിച്ച് പണിചെയ്യാൻ വളരെയേറെ കടമ്പകൾ കടക്കേണ്ടിവന്നതായി കൗൺസിലർ അജിത്ത് പറഞ്ഞു.

കഴിഞ്ഞ വർഷം ഈ സംഭവത്തെത്തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. ദുരന്തമുണ്ടായ ദിവസം മാതൃഭൂമി ‘ദുരന്തവഴിയായി കാട്ടാൻവിള റെയിൽവേ ലൈൻ റോഡ്’ എന്ന തലക്കെട്ടിൽ നൽകിയ വാർത്ത ശ്രദ്ധേയമായിരുന്നു.

Content Highlights: Thamalam Kattanvila Road Maintenance, Road Maintenance Karamana