കല്ലറ: ഉപതിരഞ്ഞെടുപ്പിലൂടെ എൽ.ഡി.എഫിന്റെ സീറ്റ് പിടിച്ചെടുത്തുകൊണ്ട് കല്ലറ പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണത്തിലേറി. ജി. ശിവദാസൻ കല്ലറ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.

മുളയിൽകോണം വാർഡ് അംഗം ഗിരിജ വൈസ് പ്രസിഡന്റായി. കല്ലറ പഞ്ചായത്തിലെ വെള്ളം കുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിലെ വിജയമാണ് യു.ഡി.എഫിന് ഭരണം തിരിച്ചുകിട്ടാൻ കാരണമായത്.

17 വാർഡുകളുള്ള കല്ലറ പഞ്ചായത്തിൽ കോൺഗ്രസ്സിന് എട്ടും എൽ.ഡി.എഫിന് ഒൻപതും ആയിരുന്നു കക്ഷി നില. എൽ.ഡി.എഫിലെ പഞ്ചായത്ത് അംഗമായ സജു കെ.എസ്.ആർ.ടി.സി.യിൽ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ചു. തുടർന്ന് വെള്ളംകുടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ജി.ശിവദാസൻ വിജയിച്ചു.

ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും എൽ.ഡി.എഫ്. രാജിവെയ്ക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് യു.ഡി.എഫ്. അവിശ്വാസം കൊണ്ടുവരുകയായിരുന്നു. അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ്. പങ്കെടുക്കാതെ വിട്ടു നിന്നു. പ്രമേയം പാസായതോടെ യു.ഡി.എഫിന് ഭരണം ലഭിച്ചു.

തിങ്കളാഴ്ച നടന്ന പ്രസിഡൻറ്‌ തിരഞ്ഞെടുപ്പിൽ ജി.ശിവദാസൻ പ്രസിഡന്റായും മുളയിൽകോണം വാർഡ് അംഗം ഗിരിജ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Kallara, Kallara By Election, UDF Victory