കല്ലറ : ഭരതന്നൂരിലും കല്ലറയിലും കോവിഡ് സ്ഥിരീകരിച്ചു. കല്ലറ പഞ്ചായത്തിൽ പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക്‌ പോയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് ഒന്നരയാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ഈ അഞ്ചുപേരുടെയും സ്രവം പരിശോധനയ്ക്കയച്ചത്.

കല്ലറ പഞ്ചായത്തിലുള്ള മുതുവിള പരപ്പിൽ, തെങ്ങുംകോട് ഭാഗത്ത് രോഗികളുമായി നേരിട്ട് സമ്പർത്തത്തിലേർപ്പെട്ടവർ സ്വയം ഹോം ക്വാറന്റീനിൽ പോകണമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വ്യാപാരികളുമായി പാങ്ങോട് പോലീസ് നടത്തിയ ചർച്ചയിൽ കടകൾ രാവിലെ 7 മുതൽ അഞ്ചുവരെ പ്രവർത്തിപ്പിക്കാനും ഹോട്ടലുകൾ അഞ്ചുമണി മുതൽ ഏഴ് വരെ പാഴ്‌സൽ നൽകാനും തീരുമാനിച്ചു.

അഞ്ചുതെങ്ങിൽ 15 പേർക്കുകൂടി

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ തിങ്കളാഴ്ച 50 പേരിൽ കോവിഡ് പരിശോധന നടത്തിയതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. പെരുമാതുറയിൽ 47 പേരെ പരിശോധിച്ചതിൽ ആരും പോസിറ്റീവല്ല. പരിശോധന ചൊവ്വാഴ്ചയും തുടരും.