കല്ലറ : കല്ലറ ഗോകുലം ജങ്ഷനിൽനിന്ന്‌ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പാങ്ങോട് പോലീസ് പിടികൂടി. ചിതറ വളവുപച്ച ഉണ്ണിമുക്ക് സ്വദേശി മുഹമ്മദ് ഷാൻ (18), നെടുമങ്ങാട് പത്താംകല്ല് സ്വദേശിയായ കഴക്കൂട്ടം പാലാട്ടുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അനന്തൻ (18) എന്നിവരെയാണ് പാങ്ങോട് പോലീസ് പിടികൂടിയത്.

സംസ്ഥാനത്തെ അഞ്ച് പോലീസ് സ്‌റ്റേഷനുകളിൽ ഇവരുടെ പേരിൽ മോഷണക്കേസുകൾ ഉണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങൾ മറ്റു മോഷണത്തിനായി ഉപയോഗിച്ച് ഇന്ധനം തീരുമ്പോൾ ഉപേക്ഷിക്കുന്ന രീതിയാണ് ഇവർക്കുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച് കിട്ടുന്ന പണം ലഹരിക്കും ആഡംബരജീവിതത്തിനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. കല്ലറയിൽ നടന്ന വാഹനപരിശോധനയ്ക്കിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇരുവരും പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി. സുരേഷ്, പാങ്ങോട് പോലീസ് ഇൻസ്‌പെക്ടർ എൻ.സുനീഷ്, സബ് ഇൻസ്‌പെക്ടർ അജയൻ, സി.പി.ഒ.മാരായ രജിത്ത് രാജ്, നിസാറുദ്ദീൻ എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.