കല്ലറ : കല്ലറ, പാങ്ങോട് പഞ്ചായത്തുകളുടെ കാർഷിക പാരമ്പര്യത്തിനു മുതൽക്കൂട്ടായ മരുതമൺ തോട് സംരക്ഷണമില്ലാതെ നശിക്കുന്നു.

പാങ്ങോട് പഞ്ചായത്തിലെ തണ്ണിയം അപ്പൂപ്പൻപാറയിൽനിന്നു കൈത്തോടായി ആരംഭിച്ച് വിവിധ തോടുകളുമായി ചേർന്ന് മരുതമണിലെത്തി അവിടെനിന്നു മുണ്ടോണിക്കര വഴി കിളിമാനൂരിലെത്തുകയും അവിടെനിന്ന്‌ പൂവൻപാറ ആറ്റിലവസാനിക്കുകയും ചെയ്യുന്നതാണ് മരുതമൺതോട്. ഒരുകാലത്ത് കല്ലറ പാങ്ങോട് പഞ്ചായത്തുകളിലെ ഏക്കറുകണക്കിനു വയലുകളിൽ കൃഷിക്കുപയോഗിച്ചിരുന്നത് ഈ തോട്ടിലെ വെള്ളമാണ്. പലരും തോടിന്റെ ഭാഗങ്ങൾ കൈയേറിയിട്ടുണ്ട്.

വാർഷിക നവീകരണമില്ലാത്തതും തോടിനെ നശിപ്പിച്ചു. മൂന്ന് മീറ്ററോളം വീതിയുള്ള തോടിനു പലഭാഗത്തും ഇപ്പോൾ ഒരു മീറ്ററിൽ താഴെയാണ് വീതി. തണ്ണിയം ഭാഗത്തുനിന്ന് മുണ്ടോണിക്കര വരെ പരന്നുകിടക്കുന്ന വയലേലകളിൽനിന്ന്‌ ഈ തോട്ടിലേക്കു കൈത്തോടുകളും ഉണ്ടായിരുന്നു.

വയലുകൾ നികത്തിയപ്പോൾ ചെറിയ മഴയത്തുപോലും തോട് കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇതു വശങ്ങളിടിയാനും തോട് നശിക്കാനും കാരണമായി. ഈ തോടിന്റെ പലഭാഗങ്ങളിലും വീടുകളിലെ കക്കൂസ് മാലിന്യമുൾപ്പെടെ ഒഴുക്കിവിടുന്നുണ്ട്.

മുൻപ് തോടിന്റെ വശങ്ങളിലുള്ള നൂറുകണക്കിനു കുടുംബങ്ങൾ കുളിക്കാനും കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമൊക്കെ ഈ തോടിനെ ആശ്രയിച്ചിരുന്നു. വിവിധതരം മത്സ്യങ്ങളുണ്ടായിരുന്ന മരുതമൺ തോട്ടിൽ ഇപ്പോൾ ഇവയെ കാണാനില്ല. ജലത്തിൽ മാലിന്യത്തിന്റെ അളവു കൂടിയതും രാസവസ്തുക്കളുൾപ്പടെയുള്ളവ തോട്ടിലൊഴുക്കുന്നതുമാണ് പ്രധാനകാരണം. കന്നുകാലികളെ കുളിപ്പിക്കുന്നതിനുവേണ്ടി തോടിനെ ആശ്രയിക്കുന്നവരുടെ ശരീരത്തിലും ചൊറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്.