കല്ലറ : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വയോധികയുടെ വീട് തകർന്നു. മുതുവിള സരിതാ ഭവനിൽ സേതുക്കുട്ടി അമ്മ(64)യുടെ വീടാണ് തകർന്നത്.

വീടിന്റെ മേൽക്കൂര പൂർണമായും പൊളിഞ്ഞുമാറി. ലൈഫ് ഭവനപദ്ധതിയിൽ സേതുക്കുട്ടി അമ്മയെ ഉൾപ്പെടുത്തിയെന്നു പറഞ്ഞെങ്കിലും ഇതുവരെയും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വിധവയായ ഇവർ അടച്ചുറപ്പുള്ള വീടിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല.

ചിറയിൻകീഴ് : ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീടു തകർന്നു. ചിറയിൻകീഴ് കടകം മുസലിയാർ എൻജിനീയറിങ് കോളേജിനുസമീപം സന്തോഷിന്റെ വീടാണു ഭാഗികമായി തകർന്നത്.

വെള്ളിയാഴ്ച രാത്രി 7.15-ഓടെയാണ് മരം വീടിനുമുകളിൽ വീണത്.

സമീപത്തെ പുരയിടത്തിലെ മഹാഗണി മരമാണ് കടപുഴകിയത്. ഈ സമയം സന്തോഷിന്റെ ഭാര്യ രജിതയും മക്കളും മുൻവശത്തിരുന്ന് ടി.വി. കാണുകയായിരുന്നു. ശബ്ദംകേട്ട് ഇവർ പുറത്തേ‌ക്കോടി രക്ഷപ്പെട്ടു. ആറ്റിങ്ങൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും മരം മുറിച്ചുമാറ്റാൻ കഴിഞ്ഞില്ല. വീടിന്റെ നാശനഷ്ടം സംബന്ധിച്ച് സന്തോഷ് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ പരാതി നൽകി.

ഗതാഗതം തടസ്സപ്പെട്ടു

വർക്കല : ആയുർവേദാശുപത്രി ജങ്ഷൻ- ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ വീട്ടുവളപ്പിൽ നിന്നിരുന്ന കൂറ്റൻ മാവാണ് റോഡിനു കുറുകേ വീണത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മാവ് നിലംപതിച്ചത്.

വൈദ്യുതത്തൂണും ലൈനും തകർത്താണ് റോഡിലേക്കു വീണത്. വീടിന്റെ മതിലും തകർന്നു. ഈ സമയം വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുവരാതിരുന്നതിനാൽ അപകടമൊഴിവായി. മൂന്ന് മണിക്കൂറോളം റോഡിൽ ഗതാഗതതടസ്സമുണ്ടായി. അഗ്നിരക്ഷാസേനയും മരംമുറിപ്പ് തൊഴിലാളികളും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.