കല്ലറ : സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മലയോരമേഖലയിൽ ഉദ്ദേശിച്ച ഫലം കണ്ടില്ല. രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകാതെ പ്രഥമാധ്യാപകർ ബുദ്ധിമുട്ടി. നേരത്തെതന്നെ മാധ്യമങ്ങളിലൂടെ വിവിധ ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ അറിയിച്ചിരുന്നു. പക്ഷേ, ക്ലാസുകൾ ആരംഭിച്ചപ്പോൾ വിക്ടേഴ്‌സ് ചാനൽപോലും പലർക്കും കിട്ടിയില്ല. മൊബൈലുകളിൽക്കൂടി കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ക്ലാസുകൾ മൊബൈലിൽ കാണാൻ കഴിയാത്തതിനെത്തുടർന്ന് പരിഭ്രാന്തരായ രക്ഷാകർത്താക്കൾ സ്‌കൂൾ അധികൃതരെ വിളിച്ചു തുടങ്ങി. അഡ്മി‌ഷനും ടി.സി. നൽകലും ഉൾപ്പെടെയുള്ള ജോലികളുടെ തിരക്കിലായിരുന്ന പ്രഥമാധ്യാപകരാണ് രക്ഷിതാക്കളുടെ ചോദ്യങ്ങൾക്കുത്തരം നൽകാനാകാതെ കുഴഞ്ഞത്. വിക്ടേഴ്‌സ് ചാനലും മൊബൈലും ലാപ്‌ടോപ്പും ഒന്നുമില്ലാത്ത കുട്ടികളുടെ പേരുവിവരം കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഉപകരണങ്ങളില്ലാത്ത കുട്ടികൾക്ക് ക്ലാസുകൾ കാണാൻ സൗകര്യമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. ഒടുവിൽ പല സ്കൂളുകളും ക്ലാസുകൾ കഴിഞ്ഞതിനുശേഷം ഇവ ഡൗൺലോഡ് ചെയ്ത് ക്ലാസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലിട്ട് പ്രശ്നത്തിനു പരിഹാരം കണ്ടിരിക്കുകയാണ്.