കല്ലറ : ലോഡിങ്‌ തൊഴിലാളി കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കല്ലറ തണ്ണിയം പനച്ചമൂട് നജുമാ മൻസിലിൽ നവാസ്(42) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ വീടിനു സമീപത്തെ പനച്ചമൂട് തണ്ണിയം റോഡിന് ഇടതുവശത്തുള്ള ഏലായുടെ ചാലിലാണ് മൃതദേഹം കണ്ടത്.

വാഴയും മരച്ചീനിയും കൃഷിചെയ്യുന്ന വയൽ വസ്തു ഉടമയിൽ നിന്ന് പ്രദേശവാസിയായ ഒരാൾ പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയായിരുന്നു. ഇതിനകത്തേക്ക് കാട്ടുപന്നി കയറാതിരിക്കാനായി കമ്പി വലിച്ചുകെട്ടി അതിൽകൂടി വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ കമ്പിയിൽ നിന്നുള്ള ഷോക്കേറ്റായിരിക്കും മരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹപരിശോധനാ റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമേ കൂടുതൽ വിവരം ലഭ്യമാകുകയുള്ളൂവെന്ന് പാങ്ങോട് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വീട്ടിൽ നിന്നു പോയ നവാസ് രാത്രി വൈകിയും വരാത്തതിനെത്തുടർന്ന്‌ ഭാര്യ നജുമാബീവി അന്വേഷിച്ചിറങ്ങി. തുടർന്ന് ഏലായുടെ ചാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പാങ്ങോട് പോലീസ് മേൽനടപടി സ്വീകരിച്ചു. കുറുഞ്ചിലക്കാട് കബർസ്ഥാനിൽ കബറടക്കി.

മക്കൾ: നജീബ്, നിജാസ്.