കല്ലറ: കാൽനടപോലും സാധ്യമാകാത്തവിധം കല്ലറ-താപസഗിരി റോഡ് തകർന്നടിഞ്ഞു. പരാതികൾ പറഞ്ഞ് മടുത്ത് നാട്ടുകാർ. റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രികർക്ക് പരിക്ക് പറ്റുന്നത് നിത്യ സംഭവം.

കല്ലറ മുതുവിള പ്രധാന റോഡിൽ നിന്നുമാണ് താപസഗിരിയിലേക്കുള്ള റോഡ് തുടങ്ങുന്നത്. ഈ റോഡ് വെള്ളകുഴിയിലാണ് അവസാനിക്കുന്നത്. കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പ്രദേശത്താണ് ഏറ്റവും ദുർഘടമായ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. റോഡിന്റെ ആരംഭത്തിൽ നിന്ന്‌ നൂറുമീറ്ററോളം കഴിഞ്ഞാൽ പിന്നെ താപസഗിരി വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽനട യാത്രികരും ഇരുചക്ര വാഹനങ്ങളുൾപ്പടെയുള്ള വാഹനങ്ങളും ദൈനം ദിനം കടന്നുപോകുന്ന റോഡാണിത്. കൂടാതെ കല്ലറ പഞ്ചായത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശവും താപസഗിരിയാണ്.

പരാതികൾ ഇതു സംബന്ധിച്ച് നാട്ടുകാർ പറഞ്ഞിട്ടുണ്ടെങ്കിലും അധികൃതർ നിസ്സംഗഭാവത്തിലാണ്. എത്രയും വേഗം റോഡിലെ കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.