കല്ലറ: ഡൽഹിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കാഞ്ഞിരംപാറ ഗവ. എൽ.പി.എസ്. അധ്യാപകൻ കിഷോർ കല്ലറ സംവിധാനം ചെയ്ത ‘ഇൻ‍റ്റ്യൂഷൻ’ എന്ന ചിത്രത്തിന്. 24-ാമത് ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് അംഗീകാരം.

കാഞ്ഞിരംപാറ സ്കൂളിലെ കുട്ടികൾ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. പ്രഥമാധ്യാപിക എം.ജയലത ഉൾപ്പെടെയുള്ള അധ്യാപകരും രക്ഷാകർതൃ പ്രതിനിധികളും ചിത്രത്തിന്റെ നിർമാണത്തിൽ സഹകരിച്ചു. 2019-ലെ സംസ്ഥാന ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫിലിം ഫെസ്റ്റിവലിൽ കിഷോർ സംവിധാനം ചെയ്ത്‌ നിർമിച്ച ‘എന്നിട്ടും കാന്തള്ളൂർ’ എന്ന ചിത്രം മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങി അഞ്ച് അവാർഡുകൾ നേടിയിരുന്നു. മലയോരമേഖലയിലെ തോട്ടം തൊഴിലാളികളും കർഷകരും ഏറെയുള്ള കാഞ്ഞിരംപാറയിലെ ഗവ. എൽ.പി.എസ്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നപ്പോഴാണ് കിഷോർ അധ്യാപകനായി അവിടെ എത്തിയത്. അദ്ദേഹത്തിന്റെകൂടി ശ്രമഫലമായാണ് സ്‌കൂൾ പാലോട് ഉപജില്ലയിലെതന്നെ മികച്ച എൽ.പി. സ്‌കൂളുകളിലൊന്നായി മാറിയത്. കൊച്ചിയിൽ നടന്ന ചടങ്ങിൽവെച്ച് കിഷോർ പുരസ്‌കാരം ഏറ്റുവാങ്ങി.