വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ കൈതക്കോണം-കട്ടറമല റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണിയായി മാറി. പരാതികൾ നൽകിയിട്ടും നവീകരണനടപടികൾ ആരംഭിക്കുന്നില്ല.

കുന്നത്തുകാൽ പഞ്ചായത്തിലെ അരുവിയോട് വാർഡിലൂടെ കടന്നുപോകുന്ന റോഡ് പഞ്ചായത്തിലെ പ്രധാന ഇടറോഡുകളിലൊന്നാണ്. ഒരു കിലോമീറ്ററോളം ദൂരമാണ് പൊളിഞ്ഞ് യാത്രായോഗ്യമല്ലാതെ കിടക്കുന്നത്. ടാർ തകർന്ന് ചല്ലി ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപവീടുകളിലേക്കും കാൽനടക്കാരുടെ പുറത്തും കല്ലുകൾ ഇളകിത്തെറിച്ചുള്ള അപകടവും ഉണ്ടാകാറുണ്ട്. ചാമവിളയ്ക്കു സമീപത്തുനിന്ന് ആരംഭിച്ച് കുറുവാട് ജങ്‌ഷനു സമീപം സമാപിക്കുന്ന റോഡിലൂടെ ഒട്ടേറെ സ്കൂൾ വാനുകളും ആളുകളും സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ ഇറക്കവും കയറ്റവും വരുന്ന ഭാഗത്താണ് പ്രധാനമായും ടാറിങ് തകർന്നു കിടക്കുന്നത്.

ഈ വിഷയം ഗ്രാമസഭകളിൽ ഉന്നയിച്ചപ്പോൾ നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുകൾ നൽകിയെങ്കിലും നാളിതുവരെ പരിഹാരമായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

മൂന്നു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്

കുറുവാട് മുതൽ കൈതക്കോണം വരെ നീളുന്ന റോഡിന്റെ ഭൂരിഭാഗവും പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച ആറു ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ചു. സമീപത്തെ തോടിനരികിൽ സുരക്ഷാവേലികളും സ്ഥാപിച്ചു.

കട്ടറമല ഉൾപ്പെടുന്ന ശേഷിച്ച ഭാഗത്തെ നവീകരണത്തിനായി മൂന്നുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കുമാരി,

കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തംഗം