വിതുര: ചെററച്ചൽ ജെഴ്സി ഫാമിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കുളം കാടുകയറി നശിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വർഷങ്ങൾക്കുമുമ്പാണ് കുളം നിർമിച്ചത്. ഏറെ നാൾ ഉപയോഗശൂന്യമായിക്കിടന്ന കുളം 2017-ൽ ജില്ലാപ്പഞ്ചായത്ത് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ പുതിയ കുളവും പഴയ സ്ഥിതിയിലായി.

ഫാം ഏറെ വികസിച്ചപ്പോൾ കന്നുകാലികളെ കുളിപ്പിക്കുന്നതിനും തീറ്റപ്പുൽക്കൃഷിക്കുമൊക്കെ ധാരാളം ജലം ആവശ്യമായി വന്നു. ക്വാർട്ടേഴ്സിൽ താമസക്കാർ വന്നതോടെ ആവശ്യം വീണ്ടും വർദ്ധിച്ചു.

വർഷങ്ങളായി വാമനപുരം ആറിനെയാണ് ഫാമിൽ വെള്ളത്തിനായി ആശ്രയിക്കുന്നത്. കൊന്നമൂട് കടവിനടുത്തുള്ള സംഭരണിയിലാണ് ജലം ശേഖരിക്കുന്നത്. മലയോരത്ത് വേനൽക്കാലം രൂക്ഷമാകുമ്പോൾ ജലക്ഷാമം ഫാമിനെയും ബാധിക്കും. വാമനപുരം ആറ് മലിനമാകുന്നതും മറ്റൊരു പ്രശ്നമാണ്. ഇതിന് പരിഹാരമായാണ് ഫാമിന്റെ മേൽനോട്ടം വഹിക്കുന്ന ജില്ലാപ്പഞ്ചായത്ത് കുളം നവീകരിക്കാൻ തീരുമാനിച്ചത്.

ഫാമിൽ നടപ്പിലാക്കിയ വികസനപദ്ധതികൾക്കൊപ്പം ശുദ്ധജലലഭ്യത ലക്ഷ്യമാക്കി ഡിവിഷനംഗം കൂടിയായ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്. കുളത്തിന്റെ അടിത്തട്ടിലെ ചെളിയും ചപ്പുചവറും വാരിമാറ്റുകയും ചുറ്റും കല്ലുകെട്ടുകയും ചെയ്തു. കരയിലെ നാലുഭാഗവും കോൺക്രീറ്റ് ചെയ്ത് നടപ്പാതയുണ്ടാക്കി. കുളത്തിലിറങ്ങാൻ കല്പടവുകളും കെട്ടി.

2017-ഏപ്രിലിൽ മന്ത്രി കെ.രാജുവാണ് കുളം ഉദ്ഘാടനം ചെയ്തത്. എന്നാൽ അധികനാൾ കഴിയുംമുമ്പ് അവഗണയിലായി. പരിസരം കാടുമൂടുകയും വെള്ളം മലിനമാകുകയും ചെയ്തു. താമസക്കാർക്ക് കുടിവെള്ളത്തിനായോ മത്സ്യകൃഷിക്കോ കുളം ഉപയോഗപ്പെടുത്തണമെന്ന് നാട്ടുകാർ പറയുന്നു.