വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നത് ഒരു മുന്നറിയിപ്പുമില്ലാതെ നിർത്തിവെച്ചു. ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചതിനെത്തുടർന്ന് പുനരാരംഭിച്ചു. വെള്ളനാട് ഗവ.എൽ.പി. സ്കൂളിൽ വ്യാഴാഴ്ച ആരംഭിച്ച കാർഡ് പുതുക്കലാണ് മുന്നറിയിപ്പില്ലാതെ വെള്ളിയാഴ്ച രാവിലെ നിർത്തിവെച്ചത്.
നാട്ടുകാർ കാർഡ് പുതുക്കാൻ എത്തിയപ്പോഴാണ് നിർത്തിവെച്ച വിവരമറിയുന്നത്. സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളോ സെക്രട്ടറിയോ അറിയാതെ പ്രസിഡൻറ് ഏകപക്ഷീയമായാണ് കാർഡ് പുതുക്കൽ നിർത്തിവയ്പിച്ചതെന്നാരോപിച്ച് എൽ.ഡി.എഫ്, ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്തിനു മുന്നിലെത്തി ഓഫീസ് ഉപരോധിച്ചു. രാവിലെ ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്കും ജീവനക്കാർക്കും ഓഫീസിനുള്ളിൽ പ്രവേശിക്കാനായില്ല. പ്രസിഡൻറ് ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങളാരുംതന്നെ ഓഫീസിലെത്തിയില്ല.
ഉപരോധസമരം ശക്തമായപ്പോൾ സ്ഥലത്തെത്തിയ ആര്യനാട് സി.ഐ. അജയനാഥ് സമരക്കാരുമായി ചർച്ച നടത്തിയാണ് 12 മണിയോടെ സെക്രട്ടറി നൂർജഹാനെയും ജീവനക്കാരെയും ഓഫീസിനുള്ളിൽ പ്രവേശിപ്പിച്ചത്. തുടർന്നുനടന്ന ചർച്ചയ്ക്കൊടുവിൽ കാർഡ് പുതുക്കുന്നവരെ വിളിച്ചുവരുത്താമെന്ന് സെക്രട്ടറി ഉറപ്പുനൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു. വ്യാഴാഴ്ച കാർഡ് പുതുക്കൽ ആരംഭിച്ചപ്പോൾ 50 രൂപ ഫീസിനുപുറമേ 30 രൂപ കൂടി പഞ്ചായത്ത് അധികൃതർ വാങ്ങിയിരുന്നു. ഇതിന് ഹരിതകർമസേനയുടെ യൂസർ ഫീ രസീതും നൽകിയിരുന്നു. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് ഹരിതകർമസേന നൽകുന്ന രസീത് ആണിത്. അനധികൃത പണം പിരിക്കലിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയപ്പോൾ അധികൃതർ പിരിവ് നിർത്തിവെച്ചു.
എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെ വെള്ളിയാഴ്ച രാവിലെ കാർഡ് പുതുക്കൽ നിർത്തിവയ്ക്കുകയായിരുന്നു. എൽ.ഡി.എഫ്. നേതാക്കളായ എം.രാജേന്ദ്രൻ, വി.എസ്.ശോഭൻ കുമാർ, എസ്.എൽ.അനിൽകുമാർ, എൽ.പി.മായാദേവി, ടി.ജോസ്, കുമാരദാസ്, ശാലിനി, ഹരിഹരൻ എന്നിവരും ബി.ജെ.പി. നേതാക്കളായ എം.വി.രഞ്ജിത്ത്, പ്ലാവിള അനിൽ, എസ്.മനോജ്, എം.എസ്.ദീപകുമാരി, വാളിയറ അജി തുടങ്ങിയവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.
Content Highlight: Insurance card renewal Vellanadu