തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐ.ടി. പഠന ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരള (ഐ.ഐ.ഐ.ടി.എം.-കെ.) പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ കാമ്പസിലേക്ക്‌ ഒരുക്കങ്ങൾ പൂർത്തിയായി. ഈ അധ്യയനവർഷം പുതിയ കാമ്പസ് പ്രവർത്തനം ആരംഭിക്കും. ടെക്‌നോസിറ്റിയിൽ ആദ്യമായി പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനമാണ്.

ലോകോത്തര സൗകര്യങ്ങളുൾപ്പെടുന്ന കാമ്പസിന്റെ ആദ്യഘട്ടമാണ് പൂർത്തിയായിട്ടുള്ളത്. ഇതോടൊപ്പം സ്‌കൂൾ ഓഫ് കംപ്യൂട്ടിങ്‌, സ്‌കൂൾ ഓഫ് ഇലക്ട്രോണിക്‌സ്, ഡിസൈൻ ആൻഡ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫർമാറ്റിക്‌സ്, സ്‌കൂൾ ഓഫ് ബയോസയൻസസ്, സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് ഡിജിറ്റൽ ലിബറൽ ആർട്‌സ് എന്നീ അഞ്ച് സ്വതന്ത്ര സ്‌കൂളുകൾ രൂപവത്‌കരിക്കുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും എം.ടെക്, പി.ജി. ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും വിവിധ പഠനമേഖലകൾ സംയോജിപ്പിക്കുന്ന കോഴ്‌സുകളും (ഇന്റർഡിസിപ്ലിനറി പ്രോഗ്രാം) ആരംഭിക്കും.

പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള 10.33 ഏക്കർ സ്ഥലത്താണ് പുതിയ കാമ്പസ് നിർമ്മിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 7,250 ചതുരശ്രമീറ്ററിൽ അക്കാഡമിക് കെട്ടിടവും 6137 ചതുരശ്രമീറ്ററിൽ ഹോസ്റ്റൽ ബ്ലോക്കുമാണ് നിർമിച്ചിട്ടുള്ളത്. പി.എസ്.സി. അടക്കമുള്ളവയുടെ ഓൺലൈൻ പരീക്ഷകളടക്കം നടത്താവുന്ന വലിയ കംപ്യൂട്ടർ ലാബുകളും അക്കാഡമിക് ബ്ലോക്കിലുണ്ട്. ഓഡിറ്റോറിയം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, വിദ്യാർഥി ഹോസ്റ്റൽ, ലൈബ്രറി, ലബോറട്ടറി ബ്ലോക്ക്, ഡയറക്ടർക്കും അധ്യാപകർക്കും താമസ സൗകര്യം, കമ്മ്യൂണിറ്റി സെന്റർ എന്നിവയുൾപ്പെടെയുള്ള ബൃഹത്തായ അടിസ്ഥാന സൗകര്യങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ദേശീയ ഹരിതനിർമാണ ചട്ടങ്ങളനുസരിച്ച് ‘സിൽവർ റേറ്റിങ്‌’ പ്രകാരം ഗ്രീൻ കാമ്പസ് മാതൃകയിലാണ് അഞ്ചു ലക്ഷത്തിലേറെ ചതുരശ്രയടി നിർമ്മാണസ്ഥലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2000 ത്തിൽ ടെക്‌നോപാർക്കിലാണ് ട്രിപ്പിൾ ഐ.ടി.എം.കെ.യുടെ ആദ്യ കാമ്പസ് സ്ഥാപിച്ചത്.