വെമ്പായം : കുടുംബപ്രശ്നത്തെത്തുടർന്ന് ഭാര്യയെ വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്യാകുളങ്ങര സിയോൻകുന്നിലാണ് സംഭവം. പെരുങ്കൂർ ഉടയൻ പാറകോണത്ത് വീട്ടിൽ അനിൽകുമാർ (45) എന്നറിയപ്പെടുന്ന ജോണിയുടെ ഭാര്യ ഷിബി (35)യ്ക്കാണു വെട്ടേറ്റത്.

വിഷം ഉള്ളിൽച്ചെന്നു എന്ന സംശയമുണ്ടായതോടെയാണ് അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ ഷിബിയുമായി വഴക്കിട്ട അനിൽകുമാർ വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിക്കുകയായിരുന്നു.

തലയിൽ വെട്ടുകൊണ്ട ഷിബി വീടിനു പുറത്തേക്കു വരുകയും റോഡിനു വശത്ത് ഇരിക്കുകയും ചെയ്തു. നാട്ടുകാർ വട്ടപ്പാറ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയ ശേഷമാണ് ഷിബിയെ ആംബുലൻസിൽ കന്യാകുളങ്ങര ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പോലീസ് വീടിനുള്ളിൽ തിരച്ചിൽ നടത്തിയപ്പോൾ വീടിനുസമീപം അനിൽകുമാർ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ഓട്ടോയിൽ അനിൽകുമാറിനെയും കന്യാകുളങ്ങര ആശുപത്രിയിലേക്കു കൊണ്ടുപോയി.

വിഷം കഴിച്ചിട്ടുണ്ടോ എന്ന് സംശയം ഉള്ളതിനാൽ അനിൽകുമാറിനെ മെഡിക്കൽ കോളേജിലേക്കു മാറ്റി.

സ്ഥിരം മദ്യപാനിയായ അനിൽകുമാർ വീട്ടിൽ എന്നും പ്രശ്നം ഉണ്ടാക്കിയിരുന്നതായും വട്ടപ്പാറ സ്റ്റേഷനിൽ ഷിബി ചൊവ്വാഴ്ച രാത്രിയിൽ പരാതി നൽകിയിരുന്നതായും ,പരാതിയുടെ അടിസ്ഥാനത്തിൽ ഷിബിയുടെ അമ്മയോടൊപ്പം താമസിക്കാൻ നിർദേശിച്ചതായും പോലീസ് പറഞ്ഞു.

വീട്ടിൽ സ്ഥിരം വഴക്കായതിനാൽ മക്കൾ ഷിബിയുടെ അമ്മയോടൊപ്പമാണ് താമസമെന്നും പോലീസ് പറഞ്ഞു. അനികുമാറിനെതിരേ വട്ടപ്പാറ പോലീസ് കേസെടുത്തു.