പേയാട് : യുവതിയെ ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ രണ്ടാം ഭർത്താവിനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വള്ളൂർ പള്ളിവിളപുത്തൻവീട്ടിൽ ബിജു(37)വിനെയാണ് അറസ്റ്റുചെയ്തത്. ശാസ്തമംഗലം മരുതംകുഴി മൂലത്തോട്ടം ഞാറമൂട് ആറ്റുവരമ്പ് വീട്ടിൽ എസ്.ലക്ഷ്മി(32)യ്ക്കാണ് ബുധനാഴ്ച ആസിഡ് വീണ് തലയിലും കൈകാലുകളിലും വയറ്റിലും പൊള്ളലേറ്റത്.

ആദ്യ ഭർത്താവ് ഉപേക്ഷിച്ചശേഷം നാലുവർഷമായി ലക്ഷ്മിയും രണ്ട് മക്കളും ബിജുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവർ തമ്മിൽ പിണങ്ങിയപ്പോൾ ലക്ഷ്മിയും മക്കളും അവരുടെ മരുതംകുഴിയിലെ വീട്ടിലായിരുന്നു താമസം.

ലക്ഷ്മിയുടെ ആഭരണങ്ങളും വീട്ടുസാധനങ്ങളും എടുത്തുകൊണ്ടു പോകാൻ ബിജു ആവശ്യപ്പെട്ടതനുസരിച്ച് ചൊവ്വള്ളൂരിലെ വീട്ടിലേക്കിവരെ വിളിച്ചുവരുത്തി. മക്കൾക്കൊപ്പം എത്തിയ ലക്ഷ്മിയെ മുറിക്കുള്ളിലാക്കി മർദിക്കുകയും പിന്നീട് റബ്ബർ ഷീറ്റ് തയ്യാറാക്കാൻ വച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ ലക്ഷ്മി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പ്രതിയുടെ മൂന്നാം ഭാര്യയാണ് അക്രമത്തിനിരയായതെന്നും സംശയമാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി. പ്രശാന്തിന്റെ നേതൃത്വത്തിൽ വിളപ്പിൽശാല എസ്.എച്ച്.ഒ. അനീഷ് കരീം, എസ്.ഐ. വി.ഷിബു, എ.എസ്.ഐ. ബൈജു എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.