നെടുമങ്ങാട് : കോവിഡിന്റെ തീവ്രമായ ജീവിതസാഹചര്യത്തിൽനിന്ന്‌ ഇനിയും മോചിതരാകാത്ത ഒരു വിഭാഗമാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. രണ്ടുവർഷമായി ഇവരുടെ ജീവിതം 'കട്ടപ്പുറത്തിരുന്ന്' തുരുമ്പെടുക്കുകയാണ്. ഒന്നാംതരംഗം വരുത്തിയ പ്രതിസന്ധിയിൽനിന്ന് വട്ടിപ്പലിശയ്ക്ക് പണം കടമെടുത്ത് കരകയറിവർക്ക് രണ്ടാംതരംഗത്തിൽ ജീവിതത്തിന്റെ 'ആക്‌സിലൊടിഞ്ഞു' കിടപ്പാണ്.

ജില്ലയിൽ ഈ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണത്തിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. മാസങ്ങളായി ബസുകൾ പെട്രോൾപമ്പുകളുടെയും, വിവാഹമണ്ഡപങ്ങളുടെയും ക്ഷേത്രമൈതാനങ്ങളുടെയും പിന്നാമ്പുറങ്ങളിൽക്കിടന്ന് കാടുകയറി തുരുമ്പെടുക്കുകയാണ്.

കഴിഞ്ഞവർഷം ഫെബ്രുവരിമുതൽ സ്കൂൾ വിനോദയാത്രകൾ, തീർഥാടനം, വിവാഹയാത്രകൾ ഉൾപ്പെടെ സകലതും റദ്ദാക്കപ്പെട്ടു. ഈ വർഷം ഏപ്രിൽ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മേയ് എട്ടിന് പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും ടൂറിസ്റ്റ് ബസുടമകളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. നല്ല കളക്ഷൻ നേടിക്കൊണ്ട് നിരത്തിലോടിയിരുന്ന പ്രൈവറ്റ് ബസുകളും കോവിഡ് കുരുക്കിൽപ്പെട്ടു. യാത്രക്കാരില്ലാതെ വന്നതോടെ പ്രൈവറ്റ് ബസുകൾ ഓട്ടം അവസാനിപ്പിച്ചു.

ജീവനക്കാർക്ക് വേതനം നൽകാനോ, വായ്പകൾ തിരിച്ചടയ്ക്കാനോ കഴിയുന്നില്ല. പലരും കടുത്ത സാമ്പത്തികബാധ്യതകളിൽപ്പെട്ട് വീടിനു പുറത്തിറങ്ങാതെ കഴിയുകയാണ്. മറ്റു ചിലരാകട്ടെ പട്ടിണി മാറ്റാൻ കിട്ടാവുന്ന ജോലികൾക്കെല്ലാം പോകുന്നുമുണ്ട്.

ബാധ്യത ലക്ഷങ്ങൾ :സാധാരണ ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കാൻ 50 മുതൽ 60 ലക്ഷംവരെ രൂപ വേണ്ടിവരും. വായ്പ വാങ്ങിയാണ് പലരും ബസ് വാങ്ങിയത്. മാസം തിരിച്ചടവ് ഒന്നരലക്ഷം രൂപയോളം വേണം. സർവീസ് മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങി. ഓടാതെ കിടക്കുന്ന ബസുകൾക്ക് നികുതി കുറച്ചുകൊടുത്താൽത്തന്നെ ഈ രംഗത്തെ പകുതി പ്രശ്‌നങ്ങൾ പരിഹരിക്കും. ലക്ഷങ്ങൾ മുടക്കി മോടിപിടിപ്പിച്ച വാഹനങ്ങൾ തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്. ജി-ഫോം നൽകിക്കഴിഞ്ഞ്‌ സർക്കാരിന്റെ ഭാഗത്തുനിന്നും നികുതി ഇളവിന് ഒരു നീക്കങ്ങളുമില്ല. വലിയ ബസുകൾക്ക് 37000രൂപയും ചെറിയ ബസുകൾക്ക് 20000 രൂപ വരെയാണ് നികുതി. തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്.

-കുറ്റൂർ സന്തോഷ്,

കുറ്റൂർ ട്രാവൽസ്, കാരേറ്റ്.

കോവിഡ് വന്നതിനുശേഷം വളയം പിടിച്ചിട്ടില്ല. ജോലിയും വരുമാനവും നിലച്ച് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കൂടെ ജോലിചെയ്തിരുന്നവരും സമാന അവസ്ഥയിലാണ്. രണ്ടുലക്ഷത്തോളം രൂപ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയെങ്കിലേ ഓരോ ബസും നിരത്തിലിറക്കാൻ കഴിയൂ. ആയിരക്കണക്കിനുപേരാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.

ജയൻ, തെന്നൂർ ഡ്രൈവർ

ടൂറിസ്റ്റ് ബസ് ഓടണമെങ്കിൽ ലക്ഷങ്ങൾ ചെലവിടണം. വണ്ടി ഓടിയില്ലെങ്കിലും സർക്കാരിന് നികുതി നൽകണം.

-സത്യരാജ്,

അശ്വതി ആര്യാ ട്രാവൽസ്