വിതുര: ചിറ്റാറിലെ തേനീച്ച ആക്രമണത്തിൽ മരിച്ച ഹസൻഖനിയുടെ കുടുംബത്തിനും പരിക്കേറ്റ ആനപ്പാറ സ്വദേശി സലീമിന്റെ തുടർചികിത്സയ്ക്കുള്ള ധനസഹായം നൽകി. ഇരുവരുടെയും വീടുകളിൽ എത്തി കെ.എസ്.ശബരീനാഥൻ എം.എൽ.എ.യാണ് ധനസഹായത്തിന്റെ ചെക്ക് കൈമാറിയത്. പതിനായിരം രൂപയാണ് സഹായധനം. അധികം സഹായമാവശ്യപ്പെട്ട് എം.എൽ.എ. മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

ഡെപ്യൂട്ടി തഹസിൽദാർ അനിൽജോസ്, പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്തംഗങ്ങളായ പ്രേംഗോപകുമാർ, മാങ്കാല അനിൽ, മഞ്ജുഷ ആനന്ദ്, എം.ലാലി, സതീഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിലാണ് സഹായം അനുവദിക്കാൻ തീരുമാനമായത്.

Content Highlight: honey bee attack in Vithura