വിതുര : വ്യാഴാഴ്ച ഉച്ചതിരിഞ്ഞു പെയ്ത ശക്തമായ മഴയിൽ മലയോരമേഖലയിൽ വൻ നാശനഷ്ടം. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മീനാങ്കൽ കളീക്കൽ പ്രദേശങ്ങളിലായി 26 വീടുകളിൽ വെള്ളംകയറി. വഴികൾ പൂർണമായും തകർന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വനമേഖലയിലുണ്ടായ കനത്ത മഴയാണ് അപകടകാരിയായത്.

വിതുര ആര്യനാട് പഞ്ചായത്തുകളുടെ അതിർത്തിയായ മീനാങ്കലിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായി തകർന്നു. 19-വീടുകളിൽ വെള്ളംകയറി. മീനാങ്കൽ മുക്കുതോട് അജിതകുമാരിയുടെ വീടാണ് പൂർണമായി തകർന്നത്. രണ്ടുദിവസമായി മാറിനിന്ന മഴ ബുധനാഴ്ച രാത്രിയാണ് വീണ്ടും പെയ്തത്.

മലയോരത്ത്‌ കനത്ത മഴ; മീനാങ്കലിൽ വീടുകൾ തകർന്നു
വിതുര കളീക്കൽ ഇരപ്പിലെ പാലത്തിന്റെ അടിഭാഗം തകർന്നപ്പോൾ

വ്യാഴാഴ്ച ഉച്ചയോടെ മഴ കനത്തു. പേപ്പാറ, കാലങ്കാവ്, മീനാങ്കൽ, ഉരുളുകുന്ന് ഭാഗങ്ങളിലാണ് മഴനഷ്ടങ്ങൾ ഏറെയും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ അത്യാവശ്യ സാധനങ്ങൾ മാറ്റി. തഹസിൽദാർ അരുണിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ, വിതുര ആര്യനാട് പോലീസ്, വിതുര അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി വീട്ടുകാരെ മീനാങ്കൽ ട്രൈബൽ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

20 കുടുംബങ്ങളിൽനിന്നായി 67 പേരാണ് സ്കൂളിൽ തുറന്ന ക്യാമ്പിലുള്ളത്. വിതുര പഞ്ചായത്തിലെ കളീക്കൽ ഭാഗത്താണ് മഴ ഏറെ നാശംവിതച്ചത്. ഇരപ്പിലെ ഏഴു വീടുകളിൽ വെള്ളംകയറി. ഇവിടേക്കുള്ള വഴി പൂർണമായും ഒലിച്ചുപോയി. മഴ മുന്നറിയിപ്പിനെ തുടർന്ന് പൊന്മുടിയിലെ പതിനൊന്നു കുടുംബങ്ങളെ കഴിഞ്ഞദിവസം വിതുര വി.എച്ച്.എസ്.എസിലേക്കു മാറ്റിപ്പാർപ്പിച്ചിരുന്നു.

Content Highlights: Heavy rains in hilly regions of Trivandrum district