പാറശ്ശാല: പൊതുജനങ്ങൾ സാമൂഹികാകലം പാലിച്ച് ഓണം ആഘോഷിക്കണമെന്ന് ആഹ്വാനംചെയ്ത പഞ്ചായത്തംഗങ്ങളുടെ മതിമറന്ന ഓണാഘോഷം വിവാദമാകുന്നു. കോൺഗ്രസ്, എൽ.ഡി.എഫ്., ബി.ജെ.പി. അംഗങ്ങൾ ഒത്തൊരുമയോടെയാണ്‌ ഓണം പൊടിപൊടിച്ചത്‌.

18-നാണ് കുളത്തൂർ ഗ്രാമപ്പഞ്ചായത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ജീവനക്കാരും പഞ്ചായത്തംഗങ്ങളും മാത്രം പങ്കെടുത്ത ഓണാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പഞ്ചായത്തോഫീസിനുള്ളിൽ നടന്ന ഓണാഘോഷത്തിൽ അംഗങ്ങളുടെ കൂട്ടനൃത്തത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആഘോഷത്തിൽ പങ്കെടുത്തവർതന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് സി.പി.എം. തങ്ങളുടെ പഞ്ചായത്തംഗങ്ങളിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശിച്ചിരുന്നു

ഓണാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിനതീതമായി അംഗങ്ങൾ നൃത്തമവതരിപ്പിക്കുക മാത്രമാണുണ്ടായത്. കോവിഡ് മാനദണ്ഡം പാലിച്ചു മാത്രം ഓണമാഘോഷിക്കണമെന്ന നിർദ്ദേശം എല്ലാ അംഗങ്ങൾക്കും ജീവനക്കാർക്കും നൽകിയിട്ടുണ്ടായിരുന്നു.- സുരേഷ് കുമാർ. സെക്രട്ടറി, കുളത്തൂർ ഗ്രാമപ്പഞ്ചായത്ത്