കോവളം: പാചകത്തിന് ഉപയോഗിക്കുന്ന എയർഫ്രയറിലും ജ്യൂസറിന്റെ മോട്ടോറിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കിലോ തൂക്കമുള്ള സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. കുളത്തൂപ്പുഴ സ്വദേശി അജ്മൽഖാൻ, കാസർകോട് സ്വദേശി മുഹമ്മദ് കുഞ്ഞിയിൽ എന്നിവരിൽനിന്നുമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. ഇതിന് 66 ലക്ഷം രൂപ വിലവരും. വ്യാഴാഴ്ച രാത്രി അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അജ്മൽഖാൻ എയർഫ്രയറിൽ സ്വർണം കടത്തിയത്. ഇതിന്റെ ഡിസ്‌കിനെ സ്വർണമാക്കിയായിരുന്നു കടത്ത്. ഇയാളെ അറസ്റ്റുചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ഷാർജയിൽനിന്ന് വെള്ളിയാഴ്ചയെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മുഹമ്മദ് കുഞ്ഞിയിൽനിന്ന് 350 ഗ്രാമോളം തൂക്കംവരുന്ന സ്വർണമാണ് പിടിച്ചത്. ജ്യൂസറിനുള്ളിലെ സിലിൻഡർ രൂപത്തിലുള്ള ഭാഗത്തിനെ സ്വർണമാക്കിയാണ് കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് എയർ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ എൻ.പ്രദീപ്, അസി. കമ്മിഷണർ എസ്.ബി.അനിൽ, സൂപ്രണ്ടുമാരായ പി.മനോജ്, പി.രാമചന്ദ്രൻ, ആൻസി, ശശി, ഇൻസ്‌പെക്‌ടർമാരായ വിശാഖ്, മേഘ, ശ്രീബാബു, ഗോപി പ്രശാന്ത്, ഗുൽഷൻ, അമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlight: Gold seized at airport