ചിറയിൻകീഴ്: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 41 പവനും അരലക്ഷം രൂപയും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിലായി. ആറ്റിങ്ങൽ ആർ.എസ്. നിവാസിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (35), പെരുങ്കുളം തൊപ്പിച്ചന്ത റോഡുവിള വീട്ടിൽ സിയാദ് (27), വക്കം വലിയപള്ളി, മേത്തൻ വിളാകം വീട്ടിൽ സിയാദ് (20), പെരുങ്ങുളം എം.വി.പി. ഹൗസിൽ സെയ്ദലി (21) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ എട്ടിന് മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിനുസമീപം അശോകന്റെ വീട്ടിലാണ് ഇവർ കവർച്ച നടത്തിയത്.

കേസിലെ ഒന്നാം പ്രതി യാസിൻ ഒളിവിലാണ്. ഇയാളുടെ പക്കലാണ് സ്വർണമെന്ന് പിടിയിലായവർ പറഞ്ഞു. യാസിനും രണ്ടാം പ്രതി രതീഷും ചേർന്നാണ് മോഷണം നടത്തിയത്. പകൽ സമയം ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവെച്ചശേഷം രാത്രിയിലെത്തി വാതിൽകുത്തിപ്പൊളിച്ച് അകത്തുകയറി കവർച്ച ചെയ്യുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് ഇവർ പ്രവാസിയായ അശോകന്റെ മണമ്പൂരിലെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

യാസിന്റെ വീട്ടിൽ ഒത്തുകൂടിയാണ് മോഷണം ആസൂത്രണം ചെയ്തത്. മോഷണം നടത്തിയ പണം ഉപയോഗിച്ച് ആറ്റിങ്ങലിൽനിന്ന് മൊബൈൽ ഫോൺ വാങ്ങി. കവർച്ച ചെയ്ത 1000 ദിർഹം മാറ്റിയെടുത്ത് യാസിൻ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിച്ചു. ബാക്കി പണം ചെലവഴിച്ചു. യു.എ.ഇ ദിർഹം, മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തു.

മോഷ്ടിച്ച സ്വർണം തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചെങ്കിലും പൊങ്കൽ അവധിയായതിനാൽ നടന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി അശോകന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.വി. ബേബിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ സി.ഐ. എസ്.എം.റിയാസ്, എസ്.ഐ.മാരായ വിനോദ് വിക്രമാദിത്യൻ, മാഹീൻ സി.പി.ഒ.മാരായ ദിലീപ്, മഹേഷ്, ബിനു, ബിനോജ്, ജ്യോതിഷ്, സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒട്ടേറെ മോഷണം, അടിപിടി കേസുകളിലെ പ്രതിയാണ് രതീഷ്. കടയ്ക്കാവൂർ മണനാക്ക് ജങ്ഷനിൽ പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.