വർക്കല: ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ അന്തർജില്ലാ മോഷ്ടാവും കൂട്ടാളികളായ സ്ത്രീകളും വർക്കലയിൽ അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം പുത്തൻതോപ്പ് ചിറക്കൽ വീട്ടിൽ ‘സെഞ്ച്വറി ഫസലുദീൻ’ എന്നു വിളിക്കുന്ന ഫസലുദീനാണ്(64) അറസ്റ്റിലായത്. ജില്ലയിൽ മൂന്നുമാസത്തിനിടെ പത്തോളം വീടുകളിൽനിന്ന്‌ 100 പവനോളം സ്വർണാഭരണങ്ങൾ കവർച്ച നടത്തിയതിനാണ് ഇയാൾ പിടിയിലായത്. ഫസലുദീൻ കവർച്ച ചെയ്യുന്ന സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിച്ച സഹോദരി കണിയാപുരം ചിറക്കൽ ആറ്റരികത്തുവീട്ടിൽ ഷാഹിദ(55), മറ്റൊരു സഹോദരിയുടെ മകൾ കണിയാപുരം ചിറക്കൽ ആറ്റരികത്ത് വീട്ടിൽ അസീല(32) എന്നിവരെയും അറസ്റ്റു ചെയ്തു.

2019 ഒക്ടോബറിൽ ജയിൽമോചിതനായശേഷം കഠിനംകുളം, മംഗലപുരം, വർക്കല, നഗരൂർ, കൊല്ലം ജില്ലയിലെ പുനലൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ പത്തോളം വീടുകളിൽനിന്ന്‌ 100 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ കവർന്നെന്ന് പോലീസ് പറഞ്ഞു. 2019 നവംബർ 16-ന് വർക്കല പുന്നമൂട് സിംഫണിയിൽ രമേശ് കുമാറിന്റെ വീടിന്റെ മുൻവാതിൽ തകർത്ത് 17 പവൻ സ്വർണാഭരണങ്ങളും 25000 രൂപയും ഡിസംബർ 22-ന് രാത്രി വർക്കല കണ്ണംബയിൽ സജീവിന്റെ തിരുവോണം വീട്ടിൽനിന്ന്‌ ഏഴ് പവൻ സ്വർണവും 45000 രൂപയും ഡിസംബർ രണ്ടിന് വർക്കല കുരയ്ക്കണ്ണി കല്ലുവിളവീട്ടിൽ മനോജിന്റെ വീട്ടിൽനിന്ന്‌്‌ രണ്ട് പവൻ സ്വർണവും 10000 രൂപയും ഇയാൾ കവർന്നിരുന്നു.

ഡിസംബർ 19-ന് രാത്രി കഠിനംകുളം ചിറ്റാറ്റുമുക്ക് കൈപ്പള്ളി റോഡിൽ ഗായത്രിയുടെ പുലരി വീടിന്റെ വാതിൽ തകർത്ത് 15 പവൻ സ്വർണം, 21-ന് തിരുവനന്തപുരം പള്ളിപ്പുറം വരിച്ചിറ കണൽ ഭദ്രകാളി ദേവിക്ഷേത്രത്തിലെ കവർച്ച, കഴിഞ്ഞ ജനുവരി 29-ന് അണ്ടൂർക്കോണം മസ്താൻമുക്ക് ടിബുവിന്റെ വൈഷ്ണവം വീട്ടിൽനിന്ന്‌ അഞ്ച് പവൻ സ്വർണാഭരണങ്ങൾ കവർന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഷാഹിദയും അസീലയും ചേർന്നാണ് സ്വർണക്കടകൾ, സ്വർണപ്പണയ സ്ഥാപനങ്ങൾ എന്നിവ വഴി മോഷണമുതലുകൾ വിറ്റിരുന്നത്.

പകൽ സമയം ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം ചെയ്തും ആക്രി സാധനങ്ങൾ ശേഖരിക്കാനായി നടന്നും ആളില്ലാത്ത വീടുകൾ നോക്കിെവച്ച ശേഷമാണ് രാത്രിയിൽ കവർച്ച നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്.പി. ബി.അശോകനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

18 വർഷം ജയിലിൽ കഴിഞ്ഞ പ്രതി

30 വർഷത്തിനിടെ തെക്കൻ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന്‌ 200 ഓളം മോഷണങ്ങളിലായി 700 പവനിലധികം സ്വർണം ഫസലുദീൻ കവർന്നിട്ടുണ്ട്. 100 മോഷണം നടത്തിയതിനാലാണ് ഇയാൾക്ക് സെഞ്ച്വറി ഫസലുദീനെന്ന വിളിപ്പേരു വീണത്. വിവിധ കേസുകളിലായി 18 വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ജയിൽശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണത്തിലേക്കുതന്നെ തിരിഞ്ഞു. വീടിന്റെ സമീപത്തുനിന്നുള്ള മൺവെട്ടി, തൂമ്പ എന്നിവയുപയോഗിച്ചാണിയാൾ വാതിലുകൾ തകർക്കുന്നത്. ഫസലുദീന് നിലവിൽ നാല് ഭാര്യമാരുണ്ട്. മദ്യവും മാംസവും ഉപയോഗിക്കാത്ത വെജിറ്റേറിയനായ ഇയാൾ ഒറ്റയ്ക്കാണ് മോഷണം നടത്തിവന്നത്.