കല്ലമ്പലം: പുതുവർഷത്തിൽ ക്ഷീരസമൃദ്ധിയുടെ നിറവിലാണ് തേവലക്കാട് സ്കൂൾ. സമ്പൂർണ പോഷകാഹാരം കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം പാൽ കുട്ടികൾക്ക് നൽകുന്ന പദ്ധതി മറ്റ് സ്കൂളിലെന്നപോലെ എസ്.എൻ. യു.പി. സ്കൂളിലുമുണ്ട്. ശുദ്ധമായ പാലിന്റെ ലഭ്യതക്കുറവാണ് ഗോഗ്രാമം പദ്ധതി എന്ന ആശയത്തിന് തുടക്കംകുറിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.

ഈ ആശയം സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അൻപതോളം നല്ലയിനത്തിൽപ്പെട്ട പശുക്കളെ വാങ്ങി അത്യാധുനിക സംവിധാനത്തോടെ ഗോശാല നിർമിക്കുകയും ചെയ്തു. പശുക്കൾക്കാവശ്യമായ ഭക്ഷണത്തിനായി പുൽകൃഷിയും ആരംഭിച്ചു. ഗോശാലയിൽനിന്ന്‌ ആഴ്ചയിൽ രണ്ടുദിവസം കുട്ടികൾക്കാവശ്യമായ പാൽ സ്കൂളിലെത്തിക്കും. ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഗോശാല പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്.

തൊട്ടടുത്ത പ്രദേശങ്ങളിൽനിന്നു പോലും പാലിന് ആവശ്യക്കാരേറിയതോടെ കൂടുതൽ പശുക്കളെ ഗോശാലയിലെത്തിക്കാനും സമീപ സ്കൂളുകളിൽകൂടി ശുദ്ധമായപാൽ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ഗോഗ്രാമം പ്രവർത്തകർ.

സ്കൂളിലെ വിദ്യാർഥികളുടെ തൊഴിൽരഹിതരായ മാതാപിതാക്കൾക്ക് ഗോശാലയിലെ പ്രവർത്തനച്ചുമതല നൽകി മാതൃകകൂടിയാകുകയാണ് ഈ പദ്ധതിയിലൂടെ. പശുക്കളെക്കൂടാതെ വിവിധയിനം ആടുകൾ, എരുമ എന്നിവയും ഗോശാലയിലുണ്ട്. ഇത്തരം പ്രവർത്തനത്തിലൂടെ ഈ പ്രദേശത്തെ ഗോഗ്രാമമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് സ്കൂൾ മാനേജർ തോട്ടയക്കാട് ശശി, പ്രഥമാധ്യാപിക ഷീജ എന്നിവർ പറഞ്ഞു.

Content Highlight: go gramam project in trivandrum Kallampalam