വിതുര: നാലുദിവസം പ്രായമുള്ള മകൾ അതിഥിയെ കാണാതെ അഭിലാഷിന്റെ മടക്കയാത്ര. ഛത്തീസ്ഗഢിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച സി.ഐ.എസ്.എഫ്. ജവാൻ അഭിലാഷിന് ജന്മനാടായ മലയടി കണ്ണീരോടെ വിട നൽകി.

വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. മാതാപിതാക്കളുടെയും ഭാര്യയുടെയും കരച്ചിൽ നാട്ടുകാരെ കണ്ണീരിലാഴ്ത്തി. മകൻ രണ്ടര വയസ്സുകാരൻ ആദിദേവ് മാത്രം ഒന്നും മനസ്സിലാകാതെ നിന്നു. പിഞ്ചോമന മകൾ അതിഥി ഉറക്കത്തിലായിരുന്നു.

സി.ഐ.എസ്.എഫിൽ ഡ്രൈവറായിരുന്ന മലയടി അഭിലാഷ് ഭവനിൽ സോമൻ-ഉഷ ദമ്പതിമാരുടെ മകനായ അഭിലാഷ് (32) ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. റായ്പൂരിൽ നടന്ന യോഗത്തിൽ പങ്കെടുത്തു മടങ്ങവെയായിരുന്നു അപകടം. അഭിലാഷാണ് വാഹനം ഓടിച്ചിരുന്നതെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

ബുധനാഴ്ചയാണ് അഭിലാഷിന്റെ ഭാര്യ ശ്രീക്കുട്ടി പെൺകുഞ്ഞിനു ജന്മം നൽകിയത്. മകളെക്കാണാൻ ഈ 22-നു നാട്ടിൽ വരാനുള്ള തീരുമാനത്തിലായിരുന്നു അഭിലാഷ്. ടിക്കറ്റ്‌ ബുക്കുചെയ്ത്‌ യാത്രയ്ക്കൊരുങ്ങവെയാണ് ദുരന്തമുണ്ടായത്. ആറുവർഷം മുൻപാണ് അഭിലാഷ് ജോലിക്കു ചേർന്നത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അഞ്ചുമണിയോടെ വീട്ടിലെത്തിച്ചു. എ.സമ്പത്ത് എം.പി., കെ.എസ്.ശബരീനാഥൻ എം.എൽ.എ., ജില്ലാപ്പഞ്ചായത്ത്‌ പ്രസിഡൻറ് വി.കെ.മധു, ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് ഷംനാ നവാസ്, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുളുൾപ്പെടെയുള്ള വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സി.ഐ.എസ്.എഫിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 6.30 നായിരുന്നു സംസ്കാരം. ആദരസൂചകമായി മലയടിയിൽ കടകളടച്ചു.

Content Highlight: funeral of CISF jawan Abhilash  in Vithura