മലയിൻകീഴ് : ഓൺലൈൻ വാഹന വിൽപ്പന സൈറ്റായ ഒ.എൽ.എക്സിലൂടെ സൈനികനെന്ന വ്യാജേന വീണ്ടും തട്ടിപ്പ്. മലയിൻകീഴ് തച്ചോട്ടുകുന്ന് അരുൺഭവനിൽ അരുൺപ്രകാശിനാണ് കഴിഞ്ഞ ദിവസം തട്ടിപ്പിൽ 30,000 രൂപ നഷ്ടപ്പെട്ടത്. പാങ്ങോട് സൈനിക ക്യാമ്പിലെ സൈനികനെന്നു പരിചയപ്പെടുത്തിയ സെൽവിയെന്നയാളാണ് തട്ടിപ്പുനടത്തിയതെന്ന് അരുൺ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ സൈനികവേഷത്തിലെ ചിത്രം വാട്‌സാപ്പിലൂടെ നൽകിയിരുന്നു. പണത്തിന് അത്യാവശ്യമുള്ളതിനാൽ തന്റെ സ്കൂട്ടർ വിൽക്കുകയാണെന്നാണ് ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിച്ചത്. തുടർന്ന് വാഹനം നേരിൽ കാണണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ മിലിറ്ററി ക്യാമ്പിലെ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനാൽ അവിടെ പ്രവേശിക്കാനാവില്ലെന്നായിരുന്നു മറുപടി. വാഹനം ആർമി കൊറിയർ സർവീസിലൂടെ ലഭിക്കുമെന്നും പറഞ്ഞു.

എന്നാൽ ലഭിച്ചില്ല. സമാന സ്വഭാവമുള്ള കേസ് മാസങ്ങൾക്കു മുൻപ് മലയിൻകീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും ഹൈദരാബാദിലാണ് അന്നത്തെ ഫോൺ ലൊക്കേഷനെന്നു കണ്ടെത്തിയിരുന്നതായും എസ്.ഐ. രാജേഷ് ആർ. പറഞ്ഞു.