പേയാട്: പ്രളയദുരിതമനുഭവിക്കുന്ന നിലമ്പൂരിലെ കവളപ്പാറയ്ക്കടുത്ത് പാതാറിൽ പേയാട് സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സഹായഹസ്തവുമായെത്തി. സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്.റോയ്‌യുടെ നേതൃത്വത്തിൽ കുട്ടികൾ പാതാറിലും പരിസരത്തും ശുചീകരണ പ്രവർത്തനം നടത്തി. അറുപതോളം കുടുംബങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ കുട്ടികളവിടെ വിതരണംചെയ്തു.

നിലമ്പൂർ പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മാത്യൂസാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിനും സഹായമെത്തിക്കുന്നതിനും സംഘത്തിന് തുണയായത്. ശുചീകരണ ഉപകരണങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, വസ്ത്രം, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് സംഘം നിലമ്പൂരിലെത്തിച്ചത്.

സ്കൂളിലെ എൻ.എസ്.എസ്., എസ്.പി.സി., സ്കൗട്‌സ് ആൻഡ്‌ ഗൈഡ്‌സ് വിദ്യാർഥികളും അധ്യാപകരും പ്രവർത്തനത്തിന് നേതൃത്വം നൽകി. സ്കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജോൺ, എസ്.പി.സി. സി.പി.ഒ. കോൺക്ലിൻ ജിമ്മി, സ്കൗട്ട് മാസ്റ്റർ ജോസഫ്‌ സുനിൽ, സ്റ്റാഫ് സെക്രട്ടറി ബിജു, അലക്സ് എന്നിവരും ഹയർ സെക്കൻഡറി വിഭാഗത്തിലെ 12-കുട്ടികളും നിലമ്പൂരിലെത്തിയ സംഘത്തിലുണ്ടായിരുന്നു.

Content Highlights: Flood Relief to Nilamboor by Peyad school students